ഈസ്റ്റ് ഒറ്റപ്പാലം പഴയ പാലത്തിന് സമീപം മണ്ണിടിഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsഈസ്റ്റ് ഒറ്റപ്പാലം പഴയ പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ
ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പാതയിൽ ഈസ്റ്റ് ഒറ്റപ്പാലം പഴയ പാലത്തിന് സമീപം ശക്തമായ മണ്ണിടിച്ചിൽ. ഇതേ തുടർന്ന് മേഖലയിൽ ഞായറാഴ്ച ഗതാഗത കുരുക്ക് രൂക്ഷമായി. പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന് മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമായി പറയുന്നത്. മണ്ണിടിച്ചിലിനുണ്ടായ ഭാഗത്ത് പാതയോട് ചേർന്ന് വിള്ളൽ രൂപപ്പെട്ടതോടെ നേരത്തെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റി സ്ഥാപിച്ചതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമായത്.
സുരക്ഷയെ മുൻ നിർത്തി ബാരിക്കേഡുകൾ റോഡിന്റെ മധ്യത്തിലേക്ക് മാറ്റിയതോടെ ഒറ്റവരിയിലുള്ള വാഹനങ്ങളുടെ സഞ്ചാരം ദുർഘടമായി. വാഹനങ്ങൾക്ക് മുന്നോട്ടുപോകാനാകാതെ നീണ്ട നിരയായാണ് കിടന്നത്. പടിഞ്ഞാറ് കണ്ണിയംപുറം പാലം മുതൽ കിഴക്ക് പത്തൊമ്പതാം മൈൽ വരേക്കും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഒടുവിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മറ്റുള്ളവ കടത്തിവിട്ടു. പാലക്കാട് ഭാഗത്ത് നിന്നും കുളപ്പുള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലക്കിടി മംഗലം വഴിയും കുളപ്പുള്ളിയിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വാണിയകുളത്ത് നിന്നും കോതകുറുശ്ശി വഴി മംഗലത്തെത്തും വിധത്തിലായിരുന്നു ക്രമീകരണം ഏർപ്പെടുത്തിയത്.


