കൂടൊഴിഞ്ഞും ചേക്കേറിയും പ്രാദേശിക നേതാക്കൾ
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ ചിലയിടങ്ങളിൽ മുന്നണികളിൽ സ്ഥാനാർഥി പ്രഖ്യാപനം ഇഴഞ്ഞുനിങ്ങുന്നു. പ്രാദേശിക നീക്കുപോക്കുകളും അനുരഞ്ജന ചർച്ചകളും വിലപേശലും സമവായത്തിൽ എത്താതെ വന്നതോടെയാണ് മുന്നണിക്കും രാഷ്ട്രീയ പാർടികൾക്കും തലവേദനായി പ്രാദേശിക പ്രവർത്തകർ നിലവിലുള്ള പാർടി വിട്ട് മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ തട്ടകമായ കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റും കുഴൽമന്ദത്തെ കോൺഗ്രസ് നേതാവുമായി ജയപ്രകാശ് ആണ് സി.പി.എമ്മിലേക്ക് കൂടുമാറിയത്.
കഴിഞ്ഞ ദിവസം സി.പി.എം കുഴൽമന്ദം ഏരിയകമ്മിറ്റി ഓഫിസിൽ ജയപ്രകാശനെ സി.പി.എം ജില്ല-ഏരിയ സെക്രട്ടറിമാർ ചേർന്ന് സ്വീകരിക്കുകയും, കൊഴിഞ്ഞംപറമ്പ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടറിയുടെ തട്ടകമായ ചിറ്റൂർ കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമതർ യു.ഡി.എഫിനാണ് പിന്തുണന പ്രഖ്യാപിച്ചത്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാട് സ്വീകരിച്ച് യു.ഡി.എഫ് പഞ്ചായത്തിലെ ഏഴ് വാർഡുകൾ സി.പി.എം വിമതർക്ക് നൽകി. അതേസമയം, ചിറ്റൂരിലെ കുടുംബരാഷ്ട്രീയവും സംഘടന വിരുദ്ധതയും ആരോപിച്ച് കോൺഗ്രസ് പ്രദേശിക നേതാവും, പെരവെമ്പ് പഞ്ചായത്തംഗവുമായ എം. രാജ്കുമാർ കോൺഗ്രസിൽനിന്ന് രാജിവെച്ച് ചീരിയങ്കാട് വാർഡിൽ സി.പി.എം സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ എം.എൽ.എയും, മുൻ ഡി.സി.സി പ്രസിഡന്റുമായ എ.വി. ഗോപിനാഥ് കോൺഗ്രസ് വിട്ട് സ്വതന്ത്ര വികസന മുന്നണി രൂപവൽക്കരിച്ച് പെരുങ്ങോട്ടുകുറുശ്ശിയിൽ എൽ.ഡി.എഫുമായി ധാരണ ഉണ്ടാക്കി.
പഞ്ചായത്തിലെ 18 വാർഡിൽ 11ൽ സ്വതന്ത്ര വികസന മുന്നണിയും, ബാക്കി ഏഴ് വാർഡിൽ സി.പി.എമ്മും മത്സരിക്കും. മുന്നണി സമവാക്യങ്ങൾ തെറ്റിച്ച് ഇവിടെ സി.പി.ഐയെ അവഗണിച്ചതോടെ പഞ്ചായത്തിൽ ആറിടത്ത് സി.പി.ഐ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കഞ്ചിക്കോട് നിന്നുള്ള ബി.ജെ.പി.ജില്ല കമ്മിറ്റിയംഗം പി. രാധേഷ്കുമാർ, പുതുശ്ശേരി ഈസ്റ്റ് പഞ്ചായത്ത്കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി എം. ഉണ്ണികുട്ടൻ എന്നിവർ കഴിഞ്ഞദിവസം ബി.ജെ.പി.യിൽ രാജിവെച്ച് കോൺഗ്രസിലെത്തി. ഡി.സി.സി പ്രസിഡന്റും മറ്റ് നേതാക്കളും ഇവരെ ഡി.സി.സി ഓഫിസിൽ സ്വീകരിച്ചു.
സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് ഇവർ കളം മാറിയെന്നാണ് ആരോപണം. പട്ടാമ്പി നഗരസഭയിൽ കോൺഗ്രസ് വിമതനായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും പ്രവാസികോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ പി.പി. അബ്ദുൽ വാഹിദ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞു. കോൺഗ്രസിൽ ചേർന്ന വി. ഫോർ പട്ടാമ്പിക്ക് സീറ്റ് കൊടുക്കാനായി കോൺഗ്രസ് മറ്റുള്ളവരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. 14ാം ഡിവിഷനിൽ തന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചതായിരുന്നു.
എന്നാൽ യാതൊരാലോചനയും കൂടാതെ സീറ്റ് പുതുതായി വന്നവർക്ക് കൊടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. വെള്ളിനേഴി പഞ്ചായത്തിൽ സി.പി.ഐക്ക് വാർഡില്ലെന്ന് പറഞ്ഞ് മുറുമുറുപ്പിലാണ്. എൽ.ഡി.എഫിലെ ഐ.എൻ.എൽ അവഗണിച്ചതായി ആരോപിച്ച് പരസ്യമായി രംഗത്തുവന്നു. ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് യു.ഡി.എഫ് മുന്നികൾക്കും അർഹമായി പരിഗണന ലഭിച്ചല്ലെന്ന് പരാതിയുണ്ട്.


