കുടുംബയോഗങ്ങൾ സജീവമാക്കി രാഷ്ട്രീയ മുന്നണികൾ
text_fieldsഅലനല്ലൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ കുടുംബയോഗങ്ങളിൽ പിടിമുറുക്കി അലനല്ലൂരിലെ രാഷ്ട്രീയപാർട്ടികൾ. വാഹനങ്ങളിലൂടെയുള്ള ഉച്ചഭാഷിണി സംവിധാനങ്ങളും പ്രചാരണത്തിന് കൊഴുപ്പേകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ മൂന്നു മുതൽ ആറ് തവണ വരെ പല വാർഡുകളിലെ വീടുകൾ കേറിയിറങ്ങി. രാവിലെ മുതൽ വൈകുന്നേരം വരെ വീടുകളിലൂടെയുളള പ്രചാരണവും രാത്രി വീട്ടുമുറ്റങ്ങളിൽ കൂടുന്ന കുടുംബയോഗവുമാണ് ഇടതടവില്ലാതെ നടക്കുന്നത്. ഇടക്കിടെ വാർഡുകളിലെത്തുന്ന ജില്ല, ബ്ലോക്ക് സ്ഥാനാർഥികളുടെ പര്യടനം വാർഡുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് ആവേശം പകരുന്നുണ്ട്.
ഡിസംബർ എട്ടിന് രാത്രി ഏഴിന് എടത്തനാട്ടുകരയിൽ മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് യു.ഡി.എഫ് നേതാക്കളും തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. വോട്ടെടുപ്പ് തുടങ്ങാൻ ഏതാനും ദിവസം ബാക്കിനിൽക്കെ പ്രവാസികളിൽ പലരും നാട്ടിലെത്തി പ്രചാരണ പരിപാടികളിൽ സജീവമായിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെ ബോർഡുകളും പോസ്റ്ററുകളും കുറവായിട്ടുണ്ട്.
ഇതിന് പകരമായി പുതുതലമുറയെ ലക്ഷ്യമിട്ട് വാർട്ട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള പോസ്റ്റർ യുദ്ധങ്ങളാണ് നടക്കുന്നത്. വോട്ടർ മെഷീൻ ഉപയോഗിക്കുന്ന രീതികളെ കുറിച്ച് വോട്ടർമാരെ ബോധവത്കരിക്കുന്നുമുണ്ട്. സ്ഥലത്തില്ലാത്ത വോട്ടർമാരെ വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനിലെത്തിക്കാനുള്ള ഇടപെടലുകൾക്കും വേഗത കൂട്ടിയിട്ടുണ്ട്. എൽ.ഡി.എഫ് ജില്ല പഞ്ചായത്ത് സ്ഥാനാർഥിയുടെ രണ്ടാംഘട്ട പരിപാടിക്ക് തുടക്കമായിട്ടുണ്ട്.


