തരൂർ ആരെ പുണരും?
text_fieldsആലത്തൂർ: പാലക്കാട് രാജവംശത്തിന്റെ പഴയ ആസ്ഥാനമായ തരൂരിൽ ഇത്തവണ ആര് വാഴും ആര് വീഴും. പാലക്കാട്-തൃശൂർ ജില്ലകളുടെ അതിർത്തി കൂടിയാണ് തരൂർ പഞ്ചായത്ത്. കാർഷിക മേഖല കൂടിയാണ് തരൂർ. സ്വാതന്ത്ര്യ സമര സേനാനികളായ കെ.പി. കേശവമേനോൻ, കോമ്പുക്കുട്ടി മേനോൻ എന്നിവരുടെ ജന്മനാട്. പ്രമുഖ പക്ഷി നിരീഷകൻ ഇന്ദുചൂഡന്റെ പേരിലുള്ള ചൂലന്നൂർ മയിൽ സങ്കേതവും തരൂർ പഞ്ചായത്തിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ഓരോ പ്രാവശ്യവും മാറിവരുന്ന ഭരണ സംവിധാനമാണ് തരൂരിന്റേത്.
നിലവിൽ എൽ.ഡി.എഫാണ് ഭരിക്കുന്നത്. സ്ഥാനാർഥി നിർണയത്തിലെ തർക്ക പ്രശ്‌നങ്ങൾ രൂക്ഷമായതാണ് കോൺഗ്രസിന് കഴിഞ്ഞതവണ വിനയായത്. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും എല്ലാ വാർഡുകളിലും ഏറ്റുമുട്ടുന്നതാണ് തരൂരിന്റെ തെരഞ്ഞെടുപ്പ് ചിത്രം. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനത്തിലാണ് യു.ഡി.എഫ്.
എന്നാൽ, നിലവിലുള്ള ഭരണം നിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി. എഫ്. ഇരുമുന്നണികൾക്കും ഭീഷണി ഉയർത്തി ബി.ജെ.പിയും തൊട്ടുപിറകിലുണ്ട്. 16 വാർഡുകളുള്ള പഞ്ചായത്തിലെ കക്ഷിനില സി.പി.എം -13, കോൺഗ്രസ് -രണ്ട് , മുസ്‍ലിം ലീഗ് ഒന്ന്. പുനക്രമീകരണത്തിൽ വാർഡുകളുടെ എണ്ണം 18 ആയി. സി.പി.എം -18, കോൺഗ്രസ് -16, മുസ്‍ലിം ലീഗ് -ഒന്ന്, ആർ.എസ്.പി -ഒന്ന്, വെൽഫെയർ പാർട്ടി -ഒന്ന്, സ്വതന്ത്രർ വാർഡ് 3, 9 ,14 എന്നിവയിലായി മൂന്നുപേർ മത്സരരംഗത്തുണ്ട്.


