എരിമയൂർ ഗ്രാമപഞ്ചായത്ത്; ഇടത്തോട്ട് ചരിഞ്ഞ എരിമയൂർ നിവരുമോ?
text_fieldsആലത്തൂർ: മുമ്പ് പാലക്കാട് താലൂക്കിൽപ്പെട്ട എരിമയൂർ, കുന്നിശ്ശേരി, വടക്കേത്തറ എന്നീ പഞ്ചായത്ത് ബോർഡുകൾ സംയോജിപ്പിച്ച് 1961 ഡിസംബറിലാണ് എരിമയൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1963ൽ തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഭരണം സ്പെഷൽ ഓഫിസറുടെ കീഴിലായിരുന്നു. 1963ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയികളായവർ ചേർന്ന് തെരഞ്ഞെടുത്ത വി.എസ്. ഗോപാലൻ അധ്യക്ഷനായുള്ള ആദ്യത്തെ ഭരണസമിതി ഡിസംബർ 13ന് നിലവിൽ വന്നതോടെയാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ കാറ്റുവീശി തുടങ്ങിയത്.
ദേശീയപാതയുടെ വരവോടെ ഭൂപ്രദേശത്തെ രണ്ടായി പിളർത്തിയ രൂപത്തിലാണ് എരിമയൂർ ഗ്രാമപഞ്ചായത്ത് ഇപ്പോൾ നിലകൊള്ളുന്നത്. ഒന്നര പതിറ്റാണ്ടോളം ഭരണത്തിലിരുന്ന ആദ്യ പഞ്ചായത്തിന് ശേഷം തുടർന്നിങ്ങോട്ട് മാറി ചിന്തിച്ചിട്ടില്ലാത്ത എരിമയൂർ ഇടത് ഭരണത്തിലാണുള്ളത്. കൈവശമുള്ള ഭരണം നിലനിർത്താനാണ് എൽ.ഡി.എഫ് പ്രവർത്തനം. പിടികിട്ടാതെ അകലുന്ന ഭരണം ഒരിക്കൽ അടുപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇരുമുന്നണികൾക്കും ചങ്കിടിപ്പുണ്ടാക്കുന്ന നിലയിലാണ് ബി.ജെ.പിയും നിലകൊള്ളുന്നത്.
നേരത്തേ 18 വാർഡുണ്ടായിരുന്നതിലെ കക്ഷിനില സി.പി.എം 13, സി.പി.ഐ ഒന്ന്, കോൺഗ്രസ് നാല് എന്നിങ്ങനെയാണ്. വാർഡ് പുനർക്രമീകരണത്തിൽ 20 ആയി ഉയർന്നു. എൽ.ഡി.എഫിൽ സി.പി.എം 19, സി.പി.ഐ ഒന്ന്, യു.ഡി.എഫിൽ കോൺഗ്രസ് 20, ബി.ജെ.പി 16 സ്വതന്ത്രർ നാല് എന്നിങ്ങനെയാണ് ഇപ്പോൾ ഓരോ പാർട്ടികളും മത്സരിക്കുന്ന വാർഡുകളുടെ എണ്ണം.


