മനസ്സ് തുറക്കാതെ തെങ്കര പഞ്ചായത്ത്
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട് പഞ്ചായത്തിനെ വിഭജിച്ച് 2005ലാണ് കാർഷിക മേഖലയായ തെങ്കരക്കായി പുതിയ പഞ്ചായത്ത് രൂപവത്കരിച്ചത്. അട്ടപ്പാടിയുടെ പ്രവേശന കവാടമായ ആനമൂളിയും സൈലന്റ വാലിയുടെ ബഫർ സോണായ തത്തേങ്ങലവും എല്ലാം ഉൾപ്പെട്ട മലയോര കാർഷിക മേഖലയായ തെങ്കര പഞ്ചായത്ത് ഇടതു-വലതു മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ചരിത്രമാണ്.
അട്ടിമറികളും ഉണ്ടായിട്ടുണ്ട്. സി.പി.എം, മുസ്ലിം ലീഗ്, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ തുടങ്ങി എല്ലാ പാർട്ടികൾക്കും ശക്തിയുള്ള പഞ്ചായത്തിൽ ഇവർക്കെല്ലാം അംഗങ്ങളും ഉണ്ടാകാറുണ്ട്. നിലവിൽ സി.പി.എം ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി ചർച്ചകളൊന്നും പൂർത്തിയായിട്ടില്ല.
നിലവിലെ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചു, അംഗൻവാടികള്‍ സ്മാര്‍ട്ടാക്കി, തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്, മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തില്‍ എം.സി.എഫ് സ്ഥാപിച്ചു, അതിദരിദ്ര വിഭാഗങ്ങളിലുള്ളവര്‍ക്ക് വീടും സ്ഥലവും നല്കി, മണലടി എല്‍.പി സ്കൂളില്‍ പ്രഭാത ഭക്ഷണം പരിപാടി നടപ്പാക്കി, ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം വാങ്ങി എന്നിവ വികസന നേട്ടങ്ങളായി എൽ.ഡി.എഫ് ഉയർത്തി കാണിക്കുന്നു.
എന്നാൽ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ തെങ്കര പഞ്ചായത്തില്‍ കഴിഞ്ഞ 10 വര്‍ഷവും വികസന മുരടിപ്പാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വീടു നിര്‍മാണത്തിന് ഫണ്ട് നല്‍കാതെ പാവപ്പെട്ടവരെ പെരുവഴിയിലാക്കിയെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി രൂപയുടെ എല്‍.എസ്.ജി.ഡിയുടെ റോഡ് നിര്‍മാണ പദ്ധതികള്‍ നഷ്ടപ്പെടുത്തിയെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ നാലുകോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ നഷ്ടപ്പെടുത്തിയെന്നും, ലൈഫ് മിഷനില്‍ കരാര്‍ ഒപ്പുവെച്ച 216 കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡു ഏഴുമാസമായിട്ടും നൽകിയില്ലെന്നും പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണെന്നും ആരോപിക്കുന്നുണ്ട്. ഇത്തവണ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം ആണ്.


