ജൈവമാലിന്യ സംസ്കരണത്തിന് ഇനോക്കുലം വിതരണം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ്
text_fieldsപാലക്കാട്: ജൈവമാലിന്യ മാലിന്യ സംസ്കരണത്തിന് ഇനോക്കുലം വാങ്ങി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കി. ശുചിത്വമിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവക്ക് ഇതുസംബന്ധിച്ച് മാർഗനിർദേശം നൽകി. ഗുണമേന്മയുള്ള ഇനോക്കുലം ലഭിക്കാത്തതിനാൽ ഉറവിട മാലിന്യ സംസ്കരണത്തിൽ പ്രതിസന്ധി നേരിട്ടതോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവ്. വീടുകളിലും സ്ഥാപനങ്ങളിലും തുമ്പൂർമുഴി, വിൻഡ്രോ പോലുള്ള കമ്യൂണിറ്റിതല കമ്പോസ്റ്റിങ് സംവിധാനങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ഇനോക്കുലം പ്രയോജനപ്രദമാണ്.
എന്നാൽ ഇതിന്റെ ലഭ്യത കുറഞ്ഞതോടെ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രതിസന്ധി നേരിട്ടു. ഇതിനുപരിഹാരമായാണ് ഗുണനിലവാരമുള്ള ഇനോക്കുലം ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനുള്ള തീരുമാനം. ഇതിനായി സർക്കാർ അക്രഡിറ്റഡ് ഏജൻസികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇനോക്കുലം വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളും ശുചിത്വമിഷൻ മുഖേന എംപാനൽ ചെയ്യണം.
ശുചിത്വമിഷനിൽ എംപാനൽ ചെയ്ത ഏജൻസികൾ, ഹരിതകർമ സേന, കുടുംബശ്രീ സംരംഭകർ എന്നിവരിൽനിന്ന് മാത്രമേ ഇനോക്കുലം വാങ്ങാൻ പാടുള്ളൂ. സ്വകാര്യ ഏജൻസികൾ മുഖേനയുള്ള വിതരണം ടെൻഡർ മുഖേനയാക്കി. ഇനോക്കുലത്തിന്റെ ഗുണനിലരവാരം സംബന്ധിച്ച് അംഗീകൃത ലബോറട്ടറികളിൽനിന്നുള്ള പെർഫോമൻസ് ഇവാലുവേഷൻ റിപ്പോർട്ട്, പ്രതിദിന ഇനോക്കുലം നിർമാണ ശേഷി എന്നിവ വിലയിരുത്തും. അംഗീകൃത ഏജൻസികൾ നേരിട്ട് വിതരണം ചെയ്യുന്ന ഇനോക്കുലത്തിന്റെ ഗുണനിലവാരം ശുചിത്വ മിഷൻ റാൻഡം പരിശോധന നടത്തി ഉറപ്പുവരുത്തും.
കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന ഇനോക്കുലത്തിന്റെ റാൻഡം സാമ്പിൾ ശേഖരിച്ച് കുടുംബശ്രീ തന്നെ ഗുണനിലവാര പരിശോധന നടത്തും. ഗുണനിലവാരം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ശുചിത്വ മിഷനെ അറിയിക്കാം. ഹരിതകർമസേന, കുടുംബശ്രീ സംരംഭ ഗ്രൂപ്പുകൾ എന്നിവ മുഖേനയാണ് വിതരണം നടത്തുന്നതെങ്കിൽ ഉൽപാദക സ്ഥാപനവും വിതരണ ഏജൻസിയും തദ്ദേശസ്വയംഭരണ സ്ഥാപനവും ഉൾപ്പെടുന്ന തൃകക്ഷി കരാറിൽ ഏർപ്പെടണം. ഓരോ വീട്ടിലും സ്ഥാപനത്തിലും ആവശ്യമായ ഇനോക്കുലം കൃത്യമായി എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജൈവമാലിന്യ സംസ്കരണത്തിന്
ഇനോക്കുലംമാലിന്യ സംസ്കരണത്തിന് സൂഷ്മ ജീവാണുക്കളെ ഉപയോഗിച്ച് തയാറാക്കുന്ന പദാർഥമാണ് ഇനോക്കുലം. ജൈവമാലിന്യത്തെ വിഘടനം ചെയ്ത് സംസ്കരിക്കാനായി ഉപയോഗിക്കുന്ന കമ്പോസ്റ്റിങ് പ്രക്രിയയെ ത്വരിതപ്പെടുത്താനാണ് ഇനോക്കുലം ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ ജൈവ മാലിന്യത്തെ വിഘടിപ്പിക്കാനും അധിക ജലാംശത്തെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഈർപ്പം വലിച്ചെടുത്ത് ആറ് ആഴ്ച കൊണ്ട് മാലിന്യത്തെ പൊടിരൂപത്തിലാക്കും. ചകിരി ഇനോക്കുലമാണ് വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത്.