സുന്ദരന്റെ മരണം ഉൾക്കൊള്ളാനാകാതെ നാട്
text_fieldsസുന്ദരൻ മരിക്കാനിടയായ വൈദ്യുതിക്കെണി സ്ഥാപിച്ച കൂത്തലക്കാട് കൊശമട പ്രദേശത്തെ കാടുമൂടിയ പറമ്പ്
കോട്ടായി: ചായക്കടയിൽ ഒന്നിച്ച് ചായ കുടിച്ചുകൊണ്ടിരിക്കെ മിന്നിമറയും നേരത്തിനിടക്ക് എത്തിയ സുഹൃത്തിന്റെ മരണവാർത്ത ഉൾകൊള്ളാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും.
വെള്ളിയാഴ്ച രാവിലെ കോട്ടായി കൂത്തലക്കാട്ട് കാട്ടുപന്നിയെ പിടികൂടാൻ വെച്ച വൈദ്യുതിക്കെണിയിൽ കുടുങ്ങി മരിച്ച കൂത്തലക്കാട് സുന്ദരന്റെ മരണവാർത്ത അക്ഷരാർഥത്തിൽ നാടിനെ ഞെട്ടിക്കുന്നതായി.
കോട്ടായി കാളികാവിൽ ഭാരതപ്പുഴ പാലത്തിന് സമീപം തട്ടുകടയിൽ പതിവുപോലെ ചായ കുടിക്കാനെത്തിയ സുന്ദരൻ കുത്തലക്കാട് കൊശമട ഭാഗത്ത് ആരോ വൈദ്യുതി കെണിയിൽ കുടുങ്ങിയതായി കേട്ടു.
പാതികുടിച്ച ചായ അവിടെ വെച്ച് സുന്ദരൻ സംഭവസ്ഥലത്തേക്ക് ഓടി. ചെന്ന് നോക്കിയപ്പോൾ സംഭവം ദാരുണമാണ്. ബന്ധുവായ രാജീവ് ഗുരുതരമായി പൊള്ളലേറ്റ് നിലവിളിക്കുന്നു.
രാജീവിനെ എടുക്കാനായി മുൻ പിൻ നോക്കാതെ ചാടിയിറങ്ങിയ സുന്ദരനാണ് അപകടത്തിൽപെട്ടത്. വൈദ്യുതി ക്കെണിയിലെ കമ്പി പുൽക്കാടുകൾക്കിടയിലൂടെ ചേറിൽ പുതഞ്ഞ് കിടപ്പുണ്ടായിരുന്നു. സുന്ദരൻ നിലവിളിച്ചെങ്കിലും നിമിഷ നേരം കൊണ്ട് എല്ലാം അവസാനിച്ചു.
ജനവാസം കുറവായ കൊശമട ഭാഗത്ത് കാലങ്ങളായി കാട്ടുപന്നിയെ വൈദ്യുതി ക്കെണിയിൽ കുടുക്കി പിടിക്കുന്ന സംഘമുണ്ട് എന്നതിന് സംഭവം തെളിവാണെന്ന് പറയുന്നു.
വൈദ്യുതി ലൈനിൽനിന്ന് നേരിട്ട് കണക്ഷനെടുത്താണ് കെണിയൊരുക്കിയത്. വെള്ളിയാഴ്ച രാവിലെ ബലിയർപ്പിക്കാൻ എത്തിയ രാജീവ് അപകടത്തിൽപെട്ടതറിഞ്ഞ് രക്ഷിക്കാനെത്തിയ സുന്ദരന്റെ ദുർവിധിയിൽ നാട് തേങ്ങുകയാണ്.