ഏത് സമയവും നിലം പൊത്താവുന്ന വീട്ടിൽ ഭീതിയോടെ രണ്ട് ജീവനുകൾ
text_fieldsമങ്കര ചെമ്മുകയിൽ തകർന്ന വീടിന് മുന്നിൽ മാധവിയും പേരക്കുട്ടിയും
മങ്കര: മഴയിൽ ഉൾഭാഗംതകർന്ന വീടിനകത്ത് ഭീതിയോടെ രണ്ടംഗ കുടുംബം. മങ്കര ചെമ്മുകയിൽ 72 കാരിയായ മാധവിയും പേരമകൻ എട്ടാം ക്ലാസ് വിദ്യാർഥിയുമായ ഭൂപതിയുമാണ് ആധിയോടെ ഇവിടെ കഴിഞ്ഞ് കൂടുന്നത്. മൺകട്ട കൊണ്ട് വർഷങ്ങൾക്ക് മുൻപ് നിർമിച്ച വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം അർധരാത്രിയാണ് തകർന്ന് വീണത്.
സംഭവ സമയം ശബ്ദം കേട്ട് ഇരുവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. താൽക്കാലികമായി പ്ലാസ്റ്റിക് കവർ കെട്ടിയാണ് അന്തിയുറങ്ങുന്നത്. ചെത്തി തേക്കാത്ത വീട് പല ഭാഗത്തും തകർച്ചയിലാണ്. ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. പട്ടികജാതിയിൽപെട്ട ഇവർ വീടിന് പോലും അപേക്ഷിച്ചിട്ടില്ലെന്നാണ് പറയുന്നത്. എഴുതാൻ അറിയാത്ത വയോധികക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല.
ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നെങ്കിൽ വീട് ലഭിക്കുമായിരുന്നു. ആരെ കാണണം, എന്ത് ചെയ്യണം എന്ന് അറിയില്ല. രാത്രിയിൽ ഇവർക്ക് അന്തിയുറങ്ങാൻ ഒരിടം വേണം. സുമനസ്സുകൾ സഹായിച്ചാൽ തകർച്ചയിലായ പുരയിൽ തന്നെ അന്തിയുറങ്ങാൻ ഇവർക്ക് കഴിയും. താൽക്കാലികമായെങ്കിലും വീട് നവീകരിച്ച് കിട്ടിയാൽ മഴക്കാലത്തെങ്കിലും ഇതിനകത്ത് കഴിയാനാകും.