ഒരു വോട്ടിന്റെ വില; ഓർമകൾ പങ്കുവെച്ച് കെ.കെ.എ. റഹിമാൻ
text_fieldsകെ.കെ.എ. റഹിമാൻ
മങ്കര: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് സാധാരണ പ്രയോഗമാണ് ഒരു വോട്ടിന്റെ വില. യഥാർഥത്തിൽ ഒരു വോട്ടിന്റെ വില അറിയണമെങ്കിൽ അങ്ങനെ പരാജയപ്പെട്ട സ്ഥാനാർഥിയോട് തന്നെ ചോദിക്കണം. മങ്കര പഞ്ചായത്തിലെ ഇന്നത്തെ ഒന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിനായിരുന്നു കല്ലൂർ സ്വദേശിയായ കെ.കെ.എ. റഹിമാൻ പരാജയപ്പെട്ടത്.
1988ൽ മങ്കര പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ ഒന്നാം വാർഡായ കല്ലൂരിൽനിന്ന് യു.ഡി.എഫ് സ്വതന്ത്രനായി മയിൽ ചിഹ്നത്തിൽ മത്സരിക്കുകയായിരുന്നു. സി.പി.എം ശക്തികേന്ദ്രമായിരുന്നു കല്ലൂർ വാർഡ്. റഹ്മാന് 454 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്ക് ഒരു വോട്ട് അധികം ലഭിച്ചു. ഇതോടെയാണ് ഒരു വോട്ടിന്റെ വില യു.ഡി.എഫുകാർക്ക് മനസ്സിലായത്.
ഈ വാർഡിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നാരോപിച്ച് റഹ്മാൻ കോടതിയെ സമീപിച്ചുവെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ തെരഞ്ഞെടുപ്പ് ഹരജി കോടതി തള്ളിയെന്ന് റഹ്മാൻ പറഞ്ഞു. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോഴാണ് റഹ്മാൻ പൊതുപ്രവർത്തകനായത്. നിലവിൽ സജീവ കോൺഗ്രസ് പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമാണ്.


