ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയുടെ സ്വര്‍ണ മാല കവർന്നു
text_fieldsമണ്ണാര്‍ക്കാട്: പയ്യനെടം കുളര്‍മുണ്ടയില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തിലെ സ്വര്ണമാലപൊട്ടിച്ച് കടന്നുകളഞ്ഞു. കുളര്‍മുണ്ട പുത്തന്‍വീട് ബാബുവിന്റെ ഭാര്യ സന്ധ്യയുടെ ഒന്നേക്കാല്‍ പവന്തൂക്കംവരുന്ന സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മൈലാംപാടത്തെ തയ്യല്കടയില് ജോലിചെയ്യുന്ന സന്ധ്യ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. കുളര്‍മുണ്ടയില്‍ ബസിറങ്ങി പാടവരമ്പിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടെ തൂവാലകൊണ്ട് മുഖം മറച്ച ആള് സന്ധ്യയുടെ കഴുത്തില്‍ പിടിക്കുകയും മാല പൊട്ടിച്ചെടുത്ത് ഓടുകയുമായിരുന്നു.
വിജന സ്ഥലമായതിനാല്‍ ആക്രമണം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സന്ധ്യ നിലവിളിച്ചുകൊണ്ട് മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. അപ്പോഴേക്കും പരിസരവാസികളുമെത്തി. സമീപപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിവരമറിയിച്ച പ്രകാരം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാര്‍ മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്കി.


