ആനമൂളി ചെക്ക് ഡാം മിനി ഡാമാക്കി ഉയർത്തുന്നത് പരിഗണനയിൽ
text_fieldsആനമൂളി ചെക്ക് ഡാം
മണ്ണാര്‍ക്കാട്: ആനമൂളി ചെക്ക് ഡാം മിനി ഡാമാക്കി ഉയർത്താനുള്ള പദ്ധതി സജീവമായി പരിഗണിച്ച് ചെറുകിട ജലസേചന വകുപ്പ്. നിലവിൽ കല്ലും മണ്ണും അടിഞ്ഞ് കാര്യക്ഷമത കുറഞ്ഞ അവസ്ഥയിൽ തകർച്ച നേരിടുകയാണ് പദ്ധതി. കാര്‍ഷികമേഖലയിലേക്ക് ജലസേചനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നെല്ലിപ്പുഴക്ക് കുറുകെ ആനമൂളിയില്‍ ചെക്ക് ഡാം നിർമിച്ചത്. മൂന്ന് കോടി രൂപ പദ്ധതി നടപ്പാക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെറുകിട ജലസേചന വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് എക്സിക്യൂട്ടിവ് എൻജിനീയര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന പ്രകാരം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആനമൂളി ചെക്ഡാം മിനി ഡാമാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളായി. കാഞ്ഞിരപ്പുഴ വലതുകര കനാലിന്റെ മേല്‍ഭാഗത്തുള്ള തെങ്കര മേഖലയിലേയും കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ ഒരുഭാഗത്തേയും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനായാണ് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെക്ഡാം നിര്‍മിച്ചത്. 1960കളില്‍ അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമീഷന് ചെയ്തതാണ് ആനമൂളി ചെറുകിട ജലസേചന പദ്ധതി എന്ന പേരിലുള്ള ഈ ചെക്ഡാം. തമിഴ്നാടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി നിലച്ചെങ്കിലും ആനമൂളി ചെറുകിട ജലസേചന പദ്ധതി പ്രാവര്‍ത്തികമായി. അട്ടപ്പാടി മലനിരകളില്‍നിന്ന് ഉത്ഭവിക്കുന്ന മന്ദംപൊട്ടി, കരുവാരപൊട്ടി എന്നീ ചോലകളിലെ വെള്ളം ആനമൂളിയിലെ ചെക്ക്ഡാമില്‍ സംഭരിച്ച് ഇടതുവലതു കനാലുകള്‍ വഴി പാടശേഖരങ്ങളിലേക്കെത്തിക്കുന്നതാണ് പദ്ധതി. ജലവിതരണത്തിനായി ചെക്ഡാമിന്റെ ഇരുവശങ്ങളിലും ഷട്ടറുകളുണ്ട്.
അതേസമയം മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംഭവിച്ച രണ്ട് പ്രളയത്തില്‍ അട്ടപ്പാടി ചുരത്തിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഒഴുകിയെത്തിയ കല്ലും മണ്ണും അടിഞ്ഞ് കൂടിയത് ചെക്ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ട്.
റിസര്‍വോയര്‍ മണ്ണെടുത്ത് വൃത്തിയാക്കിയാല്‍ വേനല്‍ക്കാലത്തും വെള്ളം ഉറപ്പാക്കുന്നതോടൊപ്പം സമീപപ്രദേശങ്ങളിലെ കിണറുകളിലും നെല്ലിപ്പുഴയിലും ജലനിരപ്പ് നിലനിര്‍ത്താനുമാകും. ചെക്ഡാമിന്റെ സംരക്ഷണമാവശ്യപ്പെട്ട് ലഭ്യമായ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് എൻജിനീയര്‍ക്ക് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികളായിട്ടില്ല. ഇതിന്റെ ഗുണഫലങ്ങളും സാധ്യതകളും സംബന്ധിച്ച് സി.പി.ഐ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് നടന്ന നവകേരള സദസ്സില്‍ നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. റിസര്‍വോയറിന്റെ ആഴം വര്‍ധിപ്പിക്കണമെന്നും ചെക്ഡാം നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കര്‍ഷക സംഘവും രംഗത്തെത്തിയിരുന്നു.