മണ്ണാര്‍ക്കാട്ട് ഡെങ്കിപ്പനി പടരുന്നു; ജാഗ്രതസമിതികള്‍ രൂപവത്കരിക്കും
text_fieldsമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ പരിധിയില്‍ ഡെങ്കിപ്പനി പെരുകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു. വാര്‍ഡുകള്‍ തോറും ജാഗ്രതസമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. വാര്‍ഡംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി. വീടുകള്‍ സന്ദര്‍ശിച്ച് പരിസരം വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. വീട്ടുകാര്‍ക്ക് ബോധവത്കരണം നല്‍കും. ഓരോ ആഴ്ചയും സമിതി അവലോകനയോഗം ചേരും. മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന വീട്ടുകാര്‍, സ്ഥാപനങ്ങള്‍ എന്നിവക്കെതിരെ കേസെടുക്കും.
ജില്ലയില്‍തന്നെ ഡെങ്കിപ്പനി കേസുകള്‍ കൂടുതൽ മണ്ണാര്‍ക്കാട് താലൂക്കിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനും കൂത്താടികള്‍ പെരുകാതിരിക്കാനുമുള്ള ശ്രമങ്ങളില്‍ പൊതുജന സഹകരണം അത്യാവശ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. റോഷിന്റെ സാന്നിധ്യത്തില്‍ യോഗം അഭിപ്രായപ്പെട്ടു.നഗരസഭ ചെയര്‍പേഴ്സണ്‍ കെ. സജ്ന ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എ.ആര്. ജ്യോതി, ഡി.എം.ഒ റോഷ്, ഡോ. ഗീതു മരിയ ജോസഫ്, താലൂക്കാശുപത്രി സൂപ്രണ്ട് മേരി ജ്യോതി വിത്സന്, അലനല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപര്‍വൈസര്‍ ശ്രീജിത്ത്, ക്ലീന്‍സിറ്റി മാനേജര്‍ മുഹമ്മദ് ഇക്്ബാല്‍, നഗരസഭ കൗണ്‍സിലര്‍ സി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


