മണ്ണാർക്കാട് നഗരസഭ; ഇരുമുന്നണികളും അടിപതറാതെ അങ്കത്തട്ടിൽ
text_fieldsമണ്ണാര്ക്കാട്: അങ്കത്തട്ട് തെളിയുമ്പോൾ ഭരണം പിടിക്കാൻ ശക്തമായ മത്സരം ഒരുക്കുകയാണ് ഇരുമുന്നണികളും. സീറ്റുകൾ 29ൽനിന്ന് 30 ആയി വർധിച്ച നഗരസഭയിൽ ഭരണം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ നേരിയ വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെടുന്ന സ്ഥിതി ഇക്കുറി ഉണ്ടാകില്ലെന്നും നഗരസഭ ഇടത് നേടുമെന്നുമുള്ള വിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഇരുമുന്നണികളും വലിയ പൊട്ടിത്തെറിയില്ലാതെയാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
യു.ഡി.എഫിൽ മുസ്ലിം ലീഗ് 17 സീറ്റിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് 11 സീറ്റിലായിരുന്നു തീരുമാനമെങ്കിലും ആർ.എസ്.പി സ്വന്തം നിലക്ക് മത്സരിക്കുന്നതിനാൽ 12 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇടതു മുന്നണിയിൽ 26 സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. മൂന്ന് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ എൻ.സി.പിയും മത്സരിക്കുന്നു. പി.കെ. ശശിയോട് ആഭിമുഖ്യം പുലർത്തുന്ന ഇടതു വിമതർ ശക്തമായി രംഗത്തുണ്ട്. 10 സീറ്റിലാണ് ജനകീയ മതേതര മുന്നണി എന്ന പേരിൽ സി.പി.എം അസംതൃപ്തർ മത്സരിക്കുന്നത്.
ഏവരും ഉറ്റു നോക്കുന്ന മത്സരം നടക്കുന്നത് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ മത്സരിക്കുന്ന പെരിമ്പടാരി വാർഡിലാണ്. സി.പി.എമ്മിന്റെ സിറ്റിങ് വാർഡായ പെരിമ്പടരിയിൽ നിലവിലെ അംഗം സിന്ധു തന്നെയാണ് സി.പി.എം സ്ഥാനാർഥി. ഇടതു വിമതനായി അക്ബർ മത്സരിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ മത്സരം നടക്കുന്ന വാർഡ് ആൽത്തറയാണ്. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഇവിടെ നിലവിലെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ കെ. ബാലകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പനിയും മത്സരിക്കുന്നുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി സർവിസ് സംഘടന നേതാവായിരുന്ന ഹസ്സൻ മുഹമ്മദാണ്. ഇടതു വിമതനായി കെ.പി. അഷ്റഫും രംഗത്തുണ്ട്. വിനായക നഗർ വാർഡിലും ശക്തമായ മത്സരമാണ്. നിലവിലെ വാർഡ് കൗൺസിലർ സി.പി. പുഷ്പാനന്ദ് തന്നെയാണ് ഇടതു സ്ഥാനാർഥി. വാർഡ് മാറി ഇവിടെ മത്സരത്തിനെത്തുന്നത് നിലവിലെ കൗൺസിലറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരുൺ കുമാർ പാലകുറുശ്ശിയാണ്.
മറ്റു വാർഡുകളിലും മത്സരം ശക്തമാണ്. നിലവിൽ പ്രതിപക്ഷ നേതാവായിരുന്ന ടി.ആർ. സെബാസ്റ്റ്യൻ, സി.പി.എം ലോക്കൽ സെക്രട്ടറിയും കൗൺസിലറുമായിരുന്ന മൻസൂർ എന്നിവർ അവസാന നിമിഷം മത്സര രംഗത്ത് നിന്നും മാറിനിൽക്കുകയായിരുന്നു. വൈസ് ചെയർപേഴ്സൻ പ്രസീത, സ്ഥിരം സമിതി അധ്യക്ഷയായിരുന്ന മാസിത സത്താർ, മുൻ നഗരസഭ ചെയർപേഴ്സൻ എം.കെ. സുബൈദ എന്നിവരും മത്സരത്തിലുണ്ട്.
ഇടതിന് വിമത ശല്യം രൂക്ഷമാണെങ്കിലും വിജയ സാധ്യതയെ ബാധിക്കില്ലെന്ന് ഇടത് കേന്ദ്രങ്ങൾ പറയുന്നു. ഇടതുമുന്നണിയിൽ സീറ്റ് വിഭജനത്തിന്റെ പേരിൽ ഐ.എൻ.എല്ലും യു.ഡി.എഫിൽ ആർ.എസ്.പിയും പിണക്കത്തിലാണ്. മണ്ണാർക്കാട് നഗരസഭയിൽ അവസാന നിമിഷം അങ്കത്തട്ടിലുള്ളത് 93 പേരാണ്. ഇതിൽ 49 പുരുഷന്മാരും 44 വനിതകളുമാണുള്ളത്.


