എം.ഇ.എസ് കല്ലടി കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്; ആശയക്കുഴപ്പം തീരാതെ മുന്നണികൾ
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിലെ ആശയകുഴപ്പം തീരാതെ മുന്നണികൾ. കണക്കിലെ കളികളിൽ മറ തീർക്കാനാണ് മുന്നണികളുടെ ശ്രമം. ആകെ 83 സീറ്റിൽ 36 സീറ്റിൽ എം.എസ്.എഫ്, 33 സീറ്റിൽ എസ്.എഫ്.ഐ,11 സീറ്റിൽ കെ.എസ്.യു, മൂന്ന് സീറ്റിൽ ഫ്രറ്റേണിറ്റി എന്നിങ്ങനെയാണ് വിജയിച്ചത്. പിന്നീടാണ് അട്ടിമറികളും, അണിയറ കൂട്ടുകെട്ടുകളും ഉടലെടുത്തത്.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ജനറൽ സീറ്റുകളിൽ മത്സരം പൂർത്തിയായപ്പോൾ ചെയർമാൻ സ്ഥാനം ഉൾപ്പെടെ അഞ്ച് സീറ്റുകൾ എസ്.എഫ്.ഐ നേടിയതോടെയാണ് വിവാദം കൊഴുത്തത്. നാലു സീറ്റിൽ എം.എസ്.എഫും, ഒരു സീറ്റിൽ ഫ്രറ്റേണിറ്റിയും വിജയിച്ചു.
കെ.എസ്.യു ഒരു സീറ്റിൽ പോലും വിജയിച്ചില്ല. എം.എസ്.എഫിനെതിരെ ഫ്രറ്റേണിറ്റി-എസ്.എഫ്.ഐ-കെ.എസ്.യു സഖ്യം കോളജിൽ ഉണ്ടായതെന്നാണ് എം.എസ്.എഫ് ആരോപണം. എന്നാൽ എം.എസ്.എഫിലെ ഗ്രൂപ്പിസമാണ് കാരണമെന്ന് കെ.എസ്.യു ആരോപിക്കുന്നു. മൂന്ന് സീറ്റ് മാത്രമുള്ള ഫ്രറ്റേണിറ്റി ജനറൽ ക്യാപ്റ്റൻ സീറ്റിലേക്ക് വിജയിച്ചത് എസ്.എഫ്.ഐ പിന്തുണയോടെയാണെന്നും, തിരിച്ച് എസ്.എഫ്.ഐയെ ഫ്രറ്റേണിറ്റി സഹായിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. ജനറൽ ക്യാപ്റ്റൻ സീറ്റിലേക്ക് എസ്.എഫ്.ഐ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല എന്നത് ഇതിന് തെളിവായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച നടന്ന ആഹ്ലാദ പ്രകടനത്തിനിടയിൽ നേതാക്കൾ കൂട്ടുകെട്ട് വ്യക്തമാക്കുന്ന തരത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. യു.ഡി.എസ്.എഫ് സംവിധാനം കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കാത്ത കോളജിൽ ഇത്തരത്തിൽ ഒരു വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്വം പരസ്പരം തലയിൽ കെട്ടി വെക്കാനും ഒഴിഞ്ഞു മാറാനുമുള്ള ശ്രമമാണ് കോൺഗ്രസിന്റെയും ലീഗിന്റെയും ഭാഗത്തുനിന്നുണ്ടായത്.
കെ.എസ്.യു വോട്ട് മറിച്ചെന്ന ആരോപണം ഉയരുകയും യൂനിറ്റ് കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തെങ്കിലും ആരോപണത്തെ ചോദ്യം ചെയ്ത് യൂനിറ്റ് ഭാരവാഹികൾ രംഗത്തെത്തി. എം.എസ്.എഫിൽ കോളജ് യൂനിറ്റിനകത്തുള്ള ഗ്രൂപ്പിസത്തിനെ തുടർന്ന് എം.എസ്.എഫിന്റെ തന്നെ വോട്ടുകളാണ് ചോർന്നതെന്ന് കെ.എസ്.യു ആരോപിച്ചു. ആർക്കും വ്യക്തമാകാത്ത കണക്കുകളാണ് ഓരോ സംഘടനയും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ നിരത്തുന്നത്. ഓരോ വിജയിക്കും കിട്ടിയത് വ്യത്യസ്ത എണ്ണം വോട്ടുകൾ ആയതിനാൽ ഇക്കാര്യത്തിൽ ആർക്കും വ്യക്തതയുമില്ല.
യു.ഡി.എസ്.എഫ് സംവിധാനം പുനഃസ്ഥാപിക്കണം -കോൺഗ്രസ്
മണ്ണാർക്കാട്: കഴിഞ്ഞ പത്ത് വർഷമായി എം.ഇ.എസ് കല്ലടി കോളജിൽ യു.ഡി.എസ്.എഫ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും ഇതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് പറഞ്ഞു. യൂനിയൻ തെരഞ്ഞെടുപ്പിൽ സമവായമുണ്ടാക്കാൻ കോൺഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം ശക്തമായി ശ്രമിച്ചെങ്കിലും കഴിഞ്ഞ 10 വർഷമായി ഇരു സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ശത്രുതയും, തമ്മിൽ തല്ലുമാണ് ഐക്യത്തിന് തടസ്സമായത്. ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ഐക്യം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അസീസ് ഭീമനാട് പറഞ്ഞു.
സി.പി.എം മറുപടി പറയണം -ലീഗ്
മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കോളജിൽ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റിയെ കൂട്ടുപിടിച്ച് എസ്.എഫ്.ഐ യൂനിയൻ ഭരണം പിടിച്ചതിൽ സി.പി.എം നേതൃത്വം മറുപടി പറയണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് ആലായൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാട് മാറ്റത്തിന്റെ സൂചനയാണോ മണ്ണാർക്കാട് ഉണ്ടായതെന്ന് വ്യക്തമാക്കണം. സി.പി.എം യുവജനസംഘടനയുടെ സംസ്ഥാന നേതൃത്വംവരെ ഇടപെട്ടാണ് എം.ഇ.എസിലെ നീക്കുപോക്കെന്ന് റഷീദ് ആലായൻ ആരോപിച്ചു.
ആകെ സീറ്റ് = 83
എം.എസ്.എഫ് = 36
എസ്.എഫ്.ഐ = 33
കെ.എസ്.യു = 11
ഫ്രറ്റേണിറ്റി = 3
നിഷേധ കുറിപ്പുമായി ഫേസ്ബുക്ക് പോര്
മണ്ണാർക്കാട്: ഫ്രറ്റേണിറ്റി പിന്തുണ വിവാദമായതോടെ ഫേസ്ബുക്കിൽ നിഷേധ കുറിപ്പുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ‘വർഗീയവാദികളുടെ ഒരു വോട്ടും ഞങ്ങൾക്ക് വേണ്ട. അന്നും, ഇന്നും, എന്നും’എന്നാണ് ഫേസ്ബുക്കിൽ സഞ്ജീവ് കുറിച്ചത്. തരാതരം വർഗീയ കാർഡ് ഇറക്കി അധികാരം കിനാവ് നട്ടിരിക്കുന്ന എസ്.എഫ്.ഐയുടെ നിലപാടിന്റെ തുടർച്ചയാണ് എം.ഇ.എസിലെ ഫ്രറ്റേണിറ്റി കൂട്ടുകെട്ടെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഫേസബുക്കിൽ കുറിച്ചു.
അടിയൊഴുക്കുകൾക്കൊപ്പം ബലാബലത്തിൽ നറുക്കെടുപ്പും ഇത്തവണ എം.എസ്.എഫിനെതിരായി. രണ്ട് ജനറൽ സീറ്റുകൾ ഉൾപ്പെടെ ഏഴോളം സീറ്റുകൾ നഷ്ടപെട്ടത് നറുക്കെടുപ്പിലൂടെ ആയിരുന്നു.
എം.എസ്.എഫ് മുന്നണി മര്യാദ ലംഘിച്ചു -കെ.എസ്.യു
മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിൽ യൂനിയൻ തെരെഞ്ഞെടുപ്പിൽ കെ.എസ്.യു അംഗങ്ങൾ മുന്നണി നേതാക്കൾ പറഞ്ഞതനുസരിച്ച് മുഴുവൻ വോട്ടുകളും എം.എസ്.എഫിന് നൽകിയിട്ടുണ്ടെന്ന് കെ.എസ്.യു യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.യുവിന് ഒരു യു.യു.സി നൽകാമെന്ന് പറയുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്തത് എം.എസ്.എഫ് ആണെന്നും ഇവർ ആരോപിച്ചു.
എം.എസ്.എഫിൽ കോളജിൽ നിലനിൽക്കുന്ന ഗ്രൂപ്പിസമാണ് വോട്ട് നഷ്ടപ്പെടാൻ കാരണം. എം.എസ്.എഫിന്റെ മുഴുവൻ വോട്ടുകളും അവരുടെ മത്സരാർഥികൾക്ക് ലഭിച്ചിട്ടില്ലെന്നും കെ.എസ്.യു യൂനിറ്റ് ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റിയെ താൽകാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും കെ.എസ്.യു നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ഭാരവാഹികളായ ഷാമിൽ, അഖില, ഷമ്മാസ്, ഹന്നത്ത് ബാനു എന്നിവർ പറഞ്ഞു.


