കഞ്ചാവുശേഖരം പിടിച്ച കേസില്‍ ഒരാൾകൂടി പിടിയിൽ
text_fieldsമണ്ണാര്‍ക്കാട്: കഴിഞ്ഞവര്‍ഷം കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുശേഖരം പിടികൂടിയ കേസില്‍ ഒരാളെ കൂടി മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം മുച്ചിങ്പുട്ട് കടുത്തുല പനസപട്ടു കിര്സാനി മഹേശ്വര് റാവു (മഹേഷ്-39) ആണ് അറസ്റ്റിലായത്. എസ്.ഐ എ.കെ. ശ്രീജിത്ത്, എ.എസ്.ഐ പ്രിന്‍സ്മോന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധീഷ് കുമാര്‍, റഷീദ് എന്നിവരടങ്ങിയ പൊലീസ് സംഘം വിശാഖപട്ടണത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. 2024 ജൂലൈയിലാണ് പള്ളിക്കുന്നിലെ വീട്ടില്‍നിന്ന് 41 കിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുലാപ്പറ്റ ഉമ്മനഴി സ്വദേശിയായ അബ്ദുല്‍ ഗഫാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തില്‍ ഇക്കഴിഞ്ഞ ജൂലായില്‍ കര്‍ണാടക ഉടുപ്പി ഉദയനഗരയിലെ ഫാത്തിമയെയും അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണ് പിടിയിലായ മഹേശ്വര് റാവുവെന്ന് പൊലീസ് പറയുന്നു.