സി.പി.എം അസംതൃപ്തരുടെ നീക്കം ഇടതു പാളയത്തിൽ നെഞ്ചിടിപ്പേറ്റു
text_fieldsമണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കും തോറും ഇടത് പാളയത്തിൽ നെഞ്ചിടിപ്പേറുന്നു. വിഭാഗീയത ശക്തമായ മേഖലയിൽ ഓരോ ദിവസവും വിമത സ്ഥാനാർഥികൾ രംഗത്ത് വരുന്ന സ്ഥിതിയാണ്. ഇത് തെരഞ്ഞെടുപ്പ് വിജയ സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. മണ്ണാർക്കാട് നഗരസഭയിൽ ആയിരുന്നു തുടക്കത്തിൽ വിമത സ്ഥാനാർഥികൾ രംഗത്ത് വരുമെന്ന് കരുതിയിരുന്നത്. ഇതിനായി വളരെ നേരത്തെ തന്നെ കൂട്ടായ്മകൾ രൂപം കൊണ്ടിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തീരുമാനം വന്നതോടെ പാർട്ടിയിൽ വിവിധ കാരണങ്ങളാൽ അവഗണിക്കപ്പെട്ടവർ ഒന്നിച്ച് ചേരുന്നതാണ് കണ്ടത്.
വിവിധ പഞ്ചായത്തുകളിൽ മുൻ സി.പി.എം ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും പ്രവർത്തകരുമെല്ലാം വിമതരായി രംഗത്ത് വരുന്ന കാഴ്ചയാണ്. പാർട്ടി അച്ചടക്ക നടപടി നേരിട്ട കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയുടെ പിന്തുണയോടെയാണ് വിമത നീക്കം എന്ന് എതിർ വിഭാഗം പറയുന്നുണ്ട്. എന്നാൽ, ഈ ആരോപണം തള്ളി പി.കെ. ശശി തന്നെ രംഗത്ത് വന്നു. തന്റെ പേരിൽ ഒരു വിഭാഗം ഇല്ലെന്നാണ് ശശിയുടെ നിലപാട്. അതേസമയം, പാർട്ടിക്കാർ എതിരായി വരുന്നതിന്റെ കാരണം പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു.
പത്രിക സമര്‍പ്പണം കഴിഞ്ഞതോടെ മണ്ണാര്‍ക്കാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സി.പി.എമ്മും പാര്‍ട്ടിയിലെ ഒരു വിഭാഗം സ്ഥാനാര്‍ഥികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ജനകീയ മതേതര മുന്നണി, ജനകീയ മുന്നണി, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്നീ ലേബലുകളിലാണ് ഇവർ എൽ.ഡി.എഫിന് വെല്ലുവിളി ഉയര്‍ത്തുന്നത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ പത്ത് വാര്‍ഡുകളിലാണ് ജനകീയ മതേതര മുന്നണി മത്സരിക്കുന്നത്. ഇതില്‍ പെരിഞ്ചോളം, നടമാളിക ഒഴികെയുള്ള എട്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ഥികളാണുള്ളത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍ ഓലിക്കല്‍, കാരാകുര്‍ശ്ശി പഞ്ചായത്തില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി അക്ബറലി, കിളിരാനി വാര്‍ഡില്‍ കിളിരാനി ബ്രാഞ്ച് സെക്രട്ടറി ടി.കെ. യൂസഫ് എന്നിവരും കോട്ടോപ്പാടം പഞ്ചായത്തില്‍ നാലുപേരുമാണ് വിമതരായി മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരുവിഴാംകുന്ന് ഡിവിഷനില്‍നിന്ന് ജനകീയ മതേതര മുന്നണി സ്ഥാനാര്‍ഥിയുണ്ട്. പാര്‍ട്ടിയില്‍ വിവിധ കാരണങ്ങളാല്‍ നടപടി നേരിട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരുമാണ് ഇത്തരം കൂട്ടായ്മകളിലെ സ്ഥാനാര്‍ഥികളിലേറെയും.
ഇത്തരത്തിൽ ശക്തമായ സംഘടിത വിമത നീക്കം മുൻ കാലങ്ങളിൽ ഉണ്ടായിട്ടില്ല. ശക്തമായ രീതിയിൽ വിമതർ രംഗത്ത് വന്നിട്ടും പാർട്ടി തലത്തിൽ ഇടപെടലുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. മുന്നണിയിൽ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയുടെ ഭാഗമായി ഐ.എൻ.എൽ, സേവ് സി.പി.ഐ ഉൾപ്പെടെ വിമതർക്കൊപ്പം കൈക്കോർക്കുന്നതും തലവേദനയാകുന്നുണ്ട്. അവസരം മുതലെടുത്ത് യു.ഡി.എഫും രംഗത്ത് ഉണ്ട്. വിമത സ്ഥാനാർഥികളിൽ ചിലരെ യു.ഡി.എഫ് പിന്തുണക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.


