മെഴുകുമ്പാറയില് ആടുകളെ വന്യമൃഗം ആക്രമിച്ചു; കടുവയെന്ന് നാട്ടുകാര്‍
text_fieldsപ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ മെഴുകുമ്പാറയില് ആടുകളെ വന്യമൃഗം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ആക്രമിച്ചത് കടുവയാണെന്ന് വളര്ത്തമൃഗങ്ങളുടെ ഉടമയും നാട്ടുകാരും പറഞ്ഞു. പ്രദേശവാസിയായ ഓലിക്കല്‍ മോഹനന്റെ രണ്ട് ആടുകളെയാണ് വന്യമൃഗം ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്, വനാതിര്‍ത്തിയോടുചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ ആടുകളെ മേയ്ക്കുന്നതിനിടെയാണ് സംഭവം.
തന്റെ കണ്മുന്നിലാണ് കടുവയെത്തി ആടുകളെ പിടികൂടാന്‍ ശ്രമിച്ചതെന്ന് മോഹനന് പറഞ്ഞു. ബഹളംവെച്ചതോടെ കടുവ ഓടിമറയുകയായിരുന്നു. ആടുകളുടെ തലക്കും കഴുത്തിനും സാരമായി പരിക്കേറ്റു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആര്‍ആര്‍ടിയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായില്ല.
മൃഗഡോക്ടറെ സ്ഥലത്തെത്തിച്ച് ആടുകള്‍ക്ക് ചികിത്സ നല്കി. കടുവയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശം ഭീതിയിലാണ്. നാട്ടുകാരുടെ ആശങ്കയകറ്റാനും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് പ്രദേശം സന്ദര്‍ശിച്ച ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത അധികൃതരോട് ആവശ്യപ്പെട്ടു. മോഹനന് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രദേശത്ത് ദ്രുതകര്‍മ്മ സേനയുടെ നീരീക്ഷണം ഉറപ്പാക്കുമെന്നും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. ജനവാസ മേഖലയിലെ തോട്ടങ്ങളിലുള്ള അടിക്കാടുകള്‍ വെട്ടിനീക്കാന്‍ പഞ്ചായത്തധികൃതരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്


