നഗരസഭ ശ്മശാനങ്ങൾ പ്രവർത്തനരഹിതം; മൃതദേഹവുമായി കാത്തിരുന്നത് 24 മണിക്കൂർ
text_fieldsപാലക്കാട്: നഗരസഭയിലെ ശ്മശാനങ്ങൾ പ്രവർത്തനരഹിതമായതോടെ മൃതശരീരവുമായി ഒരു കുടുംബത്തിന് കാത്തിരിക്കേണ്ടി വന്നത് 24 മണിക്കൂർ. മാർച്ച് 31ന് മരണപ്പെട്ട ഒലവക്കോട് നിളാനഗർ സ്വദേശിയുടെ മൃതദേഹമാണ് സംസ്കരിക്കാൻ ശ്മശാനം ലഭിക്കാതെ ദുരിതത്തിലായത് വന്നത്. ജൈനിമേട്, മണപ്പുള്ളിക്കാവിന് സമീപത്തെ വാഴക്കടവ് എന്നിങ്ങനെ രണ്ട് വാതക ശ്മശാനങ്ങളാണ് നഗരസഭ പരിധിയിലുള്ളത്.
എന്നാൽ ജൈനിമേട് ഒരു വർഷമായും വാഴക്കടവ് ഒരു മാസമായും പ്രവർത്തനക്ഷമമല്ല. ഇവിടേക്ക് എത്തിച്ച മൃതദേഹങ്ങളെല്ലാം ഇപ്പോൾ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നത്. ജൈനിമേട് ശ്മശാനത്തിൽ സാമ്പ്രദായിക രീതിയിലുള്ള സംസ്കാരവും നടക്കുന്നുണ്ട്. എന്നാൽ കുഴിവെട്ടാനും സംസ്കാരത്തിനും മറ്റുമായി 12,000 രൂപയോളം ചെലവ് വരും. ഇത്രയും തുക സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതിനാൽ ചെലവ് കുറവുള്ള ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.
മരുതറോഡ് പഞ്ചായത്ത് പരിധിയിലുള്ള ചന്ദ്രനഗർ ശ്മശാനത്തിൽ നഗരസഭയിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നുമെല്ലാം മൃതദേഹങ്ങൾ എത്താറുണ്ട്. എന്നാൽ ഇവിടുത്തെ രണ്ട് ഫർണസുകളിലൊന്നിന്റെ പ്രവർത്തനം നിലച്ചതോടെ സംസ്കരണം മന്ദഗതിയിലായി. പ്രതിദിനം 12 മൃതശരീരങ്ങൾ സംസ്കരിച്ചിരുന്നത് ഇപ്പോൾ പകുതിയായി. ഒരു മൃതദേഹം സംസ്കരിക്കാൻ ഏകദേശം മുക്കാൽ മണിക്കോറോളം വേണം.
വൈകീട്ട് അഞ്ചുവരെ മാത്രമേ ചന്ദ്രനഗർ ശ്മശാനം പ്രവർത്തിക്കൂ. മരണപ്പെട്ട നിളനഗർ സ്വദേശിയുടെ മൃതദേഹം അന്നേദിവസം ഉച്ചയോടെ സംസ്കരിക്കാനുള്ള സാധ്യതകൾ തേടിയെങ്കിലും നഗരസഭ ശ്മശാനങ്ങൾ പ്രവർത്തനരഹിതമാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ചന്ദ്രനഗർ ശ്മശാനവുമായി ബന്ധപ്പെട്ടപ്പോൾ സംസ്കാര സമയം ലഭിച്ചത് പിറ്റേദിവസമായ ഏപ്രിൽ ഒന്നിനാണ്.
ഇതോടെയാണ് കുടുംബത്തിന് 24 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. നിലവിൽ നഗരസഭയിൽനിന്നുള്ള 80 ശതമാനം മൃതദേഹങ്ങളും ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കരിക്കുന്നത്. ജൈനിമേട്, വാഴക്കടവ് ശ്മശാനങ്ങളുടെ മേൽനോട്ടം നഗരസഭക്കാണ്. ഒരു ദിവസം അഞ്ച് മൃതദേഹങ്ങൾ വരെ ഇവിടെ സംസ്കരിക്കാം.
മൃതദേഹം സംസ്കരിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാത്ത നഗരസഭയുടെ നടപടി മനുഷ്യത്വവിരുദ്ധവും മനുഷ്യത്വ രഹിതമാണെന്ന് പൊതുപ്രവർത്തകനും താലൂക്ക് വികസന സമിതി അംഗവുമായ ബോബൻ മാട്ടുമന്ത പറഞ്ഞു. നഗരസഭ ശ്മശാനം തുറന്നു പ്രവർത്തിക്കുന്നതു വരെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിക്കാനുള്ള ഇടപെടൽ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ബോബൻ മാട്ടുമന്ത പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
വാഴക്കടവ്, ജൈനിമേട് ശ്മശാനങ്ങളിലെ തകരാർ പരിഹരിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയാക്കിയശേഷം അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സ്മിതേഷ് പറഞ്ഞു.