ലൈബ്രറിയും ജീവനക്കാരെയും ഏറ്റെടുക്കാൻ തയാറെന്ന് നഗരസഭ
text_fieldsപാലക്കാട്: കുടിയിറക്കൽ ഭീഷണി നേരിടുന്ന സുൽത്താൻപേട്ടയിലെ പബ്ലിക് ലൈബ്രറിയെയും ജീവനക്കാരെയും ഏറ്റെടുക്കാൻ തയാറാണെന്ന് പാലക്കാട് നഗരസഭ. ഇതിനുവേണ്ട നടപടിക്രമങ്ങൾ ലൈബ്രറി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ചെയർപേഴ്സൻ പ്രമീള ശശിധരൻ അറിയിച്ചു.
ലൈബ്രറിയുടെ സമീപത്തുള്ള മുഴുവൻ കെട്ടിടങ്ങളും ബലക്ഷയം കാരണം പൊളിച്ചുമാറ്റി. ലൈബ്രറി കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ 25 വർഷമായി ലൈബ്രറി വാടക നൽകിയിട്ടില്ല.
സമീപത്ത് വരുന്ന പുതിയ നഗരസഭ കോംപ്ലക്സിന് ആവശ്യമായ ഫയർ ടാങ്ക്, പാർക്കിങ് എന്നീ സൗകര്യങ്ങൾ ഒരുക്കാൻ കൂടി വേണ്ടിയാണ് നഗരസഭ കൗൺസിൽ ഏകകണ്ഠമായി 17 മുറികൾ പൊളിച്ചുമാറ്റാൻ തീരുമാനിച്ചതെന്നും നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. ലൈബ്രറി സംരക്ഷിക്കാനെന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ അടവുകൾ മാത്രമാണെന്നും അവർ ആരോപിച്ചു.
പാലക്കാട് പബ്ലിക് ലൈബ്രറി പൊളിച്ചുമാറ്റാനുള്ള നഗരസഭനീക്കവുമായി ബന്ധപ്പെട്ട് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
നഗരസഭ പകരം സംവിധാനം ഒരുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും ലൈബ്രറി അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു. എന്നാൽ മൂന്ന് ദിവസം അവധിയായിരുന്നതിനാലാണ് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നതെന്നും വെള്ളിയാഴ്ച അപേക്ഷ നൽകുമെന്നും ലൈബ്രറി സെക്രട്ടറി ടി.എസ്. പീറ്റർ പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയിൽ നിലവിൽ ധാരാളം വായനക്കാരെത്താറുണ്ട്.
ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത് ലൈബ്രറിക്ക് കെട്ടിടം അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലൈബ്രറി കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇത് സംബന്ധിച്ച് മാധ്യമം നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സാംസ്കാരിക പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയും ജില്ല കലക്ടർ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. കലക്ടറുടെ നിർദേശപ്രകാരമാണ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.
ഗ്രന്ഥാലയത്തെ നഗര ഹൃദയത്തിൽനിന്ന് കുടിയിറക്കുന്നതിനു പിന്നിൽ കച്ചവടതാൽപര്യം -എ. തങ്കപ്പൻ
പാലക്കാട്: ഒരു തലമുറക്ക് എഴുത്തും വായനയും പകർന്നു നൽകിയ ഗ്രന്ഥാലയത്തെ നഗര ഹൃദയത്തിൽനിന്ന് കുടിയിറക്കുന്നതിനു പിന്നിൽ നഗരസഭ വൈസ് ചെയർമാന്റെ കച്ചവടതാൽപര്യമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ.
ആ രഹസ്യം സമൂഹം തിരിച്ചറിഞ്ഞതിലുള്ള ജാള്യത മറക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണം അദ്ദേഹം കോൺഗ്രസ് പാർട്ടിക്കെതിരെ ഉന്നയിക്കുന്നത്. ഡി.സി.സി ഓഫിസിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇടപാടുകളെല്ലാം സുതാര്യമാണ്.
ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയണമെന്ന ആഗ്രഹം പാർട്ടി പ്രവർത്തകർ പ്രകടമാക്കിയാൽ വിവരങ്ങൾ വ്യക്തമാക്കും. മറിച്ച് ഒരു ബി.ജെ.പിക്കാരന്റെ ഉണ്ടയില്ല വെടിക്ക് മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിനില്ല. അദ്ദേഹത്തിന്റെ ആരോപണത്തെ അവജ്ഞയോടെ തള്ളികളയുന്നതായും അദ്ദേഹം പറഞ്ഞു.
പബ്ലിക് ലൈബ്രറി പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ ‘അക്ഷരമെഴുത്ത്’
പാലക്കാട്: ‘പാലക്കാടിന്റെ സാംസ്കാരിക സ്പന്ദനമായ പബ്ലിക് ലൈബ്രറി ഒരിക്കലും ഇവിടെനിന്ന് മാറ്റരുതെന്ന് പ്രാർഥിച്ചുകൊണ്ട് പ്രതിഷേധത്തിന്റെ ജ്വാല ഇവിടെ കൊളുത്തിയിടുന്നു..’സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയെ കുടിയിറക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ വിജയദശമി ദിനത്തിൽ ലൈബ്രറിക്കു മുന്നിൽ അക്ഷരമെഴുതിയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സാഹിത്യകാരൻ ആഷാമേനോൻ കുറിച്ചിട്ട വരികളാണിത്.
കോൺഗ്രസ് പോഷക സംഘടനകളായ ശാസ്ത്രവേദി, വിചാർ വിഭാഗ്, സംസ്കാര സാഹിതി, ആൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് എന്നിവർ സംയുക്തമായാണ് പ്രതിഷേധ അക്ഷരമെഴുത്ത് സംഘടിപ്പിച്ചത്. നഗരത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെയും സാംസ്കാരിക സ്വഭാവത്തിന്റെയും സ്പന്ദനമാണ് സുൽത്താൻപേട്ട ലൈബ്രറി. ഈ ലൈബ്രറി ഇല്ലാതാവുന്നു എന്ന് പറയുമ്പോൾ മനസിൽ അന്ധതയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയെ കുടിയിറക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ വിജയദശമി ദിനത്തിൽ ലൈബ്രറിക്കു മുന്നിൽ സംഘടിപ്പിച്ച അക്ഷരമെഴുതിയുള്ള പ്രതിഷേധം സാഹിത്യകാരൻ ആഷാമേനോൻ ഉദ്ഘാടനം ചെയ്യുന്നു
ലൈബ്രറിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തുടർ ഇടപെടലുകൾക്കും സുൽത്താൻ പേട്ട ലൈബ്രറി റീഡേഴ്സ് ഫോറം എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. ശാസ്ത്രവേദി ജില്ല പ്രസിഡന്റ് ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീവത്സൻ സ്വാഗതം പറഞ്ഞു. ബോബൻ മാട്ടുമന്ത, കൗൺസിലർമാരായ ഡി. ഷജിത് കുമാർ, സുഭാഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. സതീഷ്, ഹരിദാസ് മച്ചിങ്ങൽ, അഡ്വ. പ്രേംനാഥ്, അഡ്വ. ഗിരീഷ് നൊചുള്ളി, കെ. വിജയൻ, രാജു, സുഗതൻ, മൻമോഹൻ, രവീന്ദ്രൻ, അസീസ്, റോബിൻസൺ എന്നിവർ സംസാരിച്ചു.