മീനത്തിന്റെ സ്വന്തം നെന്മാറ വേല ഇന്ന്
text_fieldsനെന്മാറ: കണ്ണിനും കാതിനും ഇമ്പമായി പൊള്ളുന്ന വേനൽചൂടിൽ മനസ്സിന് കുളിരായി വേലകളുടെ വേലയായ നെന്മാറ-വല്ലങ്ങി വ്യാഴാഴ്ച ആഘോഷതിമിർപ്പിലേക്ക്... കേൾവികേട്ടതും പുരാതനവുമായ കൊയ്തുത്സവങ്ങളിൽ പ്രഥമഗണനീയമാണ് നെന്മാറ വല്ലങ്ങി വേല. തലയെടുപ്പുള്ള ഗജവീരന്മാരും താളവാദ്യപ്രമാണിമാർ അണിയിച്ചൊരുക്കുന്ന കലാസദ്യയും ഗാംഭീര്യതയാർന്ന വെടിക്കെട്ടും പ്രൗഡമായ ചടങ്ങുകളും നെന്മാറ-വല്ലങ്ങി വേലയെ മറ്റുഉത്സവങ്ങളിൽനിന്ന് വേറിട്ടതാക്കുന്നു.
എല്ലാ വർഷവും ജാതി-മത-വർഗ-വർണ ഭേദമന്യേ നാട്ടുകാർ കാത്തിരിക്കുന്ന മീനമാസം 20ന് ആഗതമാകുന്ന നെന്മാറ-വല്ലങ്ങി വേലയുടെ ചേല് കണ്ടു തന്നെ അറിയേണ്ടതാണ്. തട്ടകമായ നെല്ലിക്കുളങ്ങര ദേവിക്ഷേത്രം വേലക്കായി മീനമാസം ഒന്നാം തീയതി കൂറയിടലോടെ ഒരുങ്ങിക്കഴിഞ്ഞു.
വേല ദിനം ഇങ്ങനെ
വേല ദിനത്തിൽ രാവിലെ നെന്മാറ ദേശത്ത് ക്ഷേത്ര പൂജകൾക്ക് ശേഷം വരിയോലവായിച്ച് നിറപറ എഴുന്നള്ളത്ത് തുടങ്ങുന്നു. വിവിധ സമുദായക്കാർ നൽകുന്ന ക്ഷേത്രപറകൾ സ്വീകരിച്ചശേഷം മന്ദത്ത് എത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റുന്നു. എഴുന്നള്ളത്ത് ദേശത്തെ വിവിധ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകുന്നേരം ക്ഷേത്രത്തിനടുത്ത് അണിനിരക്കുന്നു.
വല്ലങ്ങിദേശത്ത് വേലദിനത്തിൽ പ്രഭാത പൂജകൾക്ക് ശേഷം വല്ലങ്ങി ശിവക്ഷേത്രത്തിൽനിന്ന് പഞ്ചവാദ്യവുമായി എഴുന്നള്ളത്ത് തുടങ്ങുന്നു. വൈകീട്ട് നാലോടെ ബൈപാസ് റോസിനടുത്ത് അണിനിരക്കുന്നു. ആദ്യം വല്ലങ്ങിയുടെ എഴുന്നള്ളത്ത് വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രമുറ്റത്ത് കയറുന്നു. പിന്നീട് നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്തും കാവുകയറുന്നത്. ഇതോടെ മേളപ്പെരുക്കമായി.
ഇരു ദേശത്തിന്റെയും കാവുകയറ്റത്തിനു ശേഷമാണ് ആകർഷകമായ കുടമാറ്റം. തുടർന്നാണ് ആവേശമുണർത്തുന്ന പകൽ വെടിക്കെട്ട്. ആദ്യം വല്ലങ്ങിയും പിന്നീട് നെന്മാറയും വെടിക്കെട്ടിന് തിരികൊളുത്തുന്നു. ഇതിനു ശേഷം എഴുന്നള്ളത്തുകൾ അതാത് ദേശ മന്ദങ്ങളിലേക്ക് തിരിക്കുന്നു. ഇതോടെ ചകൽ വേലക്ക് സമാപ്തിയായി. പിന്നീട് തായമ്പകയോടെ രാത്രിവേല തുടങ്ങുകയായി. പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നാരംഭിക്കുന്നു.
തുടർന്ന് ക്ഷേത്രസമീപത്ത് എഴുന്നള്ളത്ത് അണിനിരക്കുന്നതോടെ രാത്രി വെടിക്കെട്ട്. ആദ്യം നെന്മാറയും പിന്നീട് വല്ലങ്ങിയും വാനിൽ വർണങ്ങൾ ചാർത്തുന്ന കരിമരുന്ന് വിദ്യയിൽ മത്സരിക്കുന്നു. പാണ്ടിമേളത്തോടെ കാവുകയറി മുത്തുക്കുടകളും പറവാദ്യവുമായി ദേശമന്ദങ്ങളിലേക്ക് തിരിക്കുന്ന എഴുന്നള്ളത്തുകൾ പിറ്റേന്ന് രാവിലെ തിടമ്പി റരുന്നതോടെ വേലയുടെ പര്യവസാനമാകുന്നു.