നിരാമയ പദ്ധതി: ഏഴു മാസത്തിലേറെയായി ഇൻഷുറൻസ് തുക ലഭിക്കുന്നില്ല
text_fieldsപാലക്കാട്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നിരാമയ പദ്ധതിപ്രകാരം ഇൻഷുറൻസ് എടുത്തവർക്ക് ഏഴു മാസത്തിലധികമായി തുക ലഭിക്കുന്നില്ലെന്ന് പരാതി. ഓരോ മാസവും ആവശ്യമായ രേഖകൾ സഹിതം നൽകിയ അപേക്ഷകളിലാണ് ഏഴു മാസമായി തുക ലഭിക്കാതെ ഓട്ടിസബാധിതരടക്കമുള്ളവർ കഷ്ടപ്പെടുന്നത്.
കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലെ ഭിന്നശേഷിക്കാർക്കുള്ള ശാക്തീകരണ വകുപ്പാണ് ‘നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ആരംഭിച്ചത്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ളവർക്കാണ് ആരോഗ്യ ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറൻസ് പരിരക്ഷ, ഔട്ട് പേഷ്യന്റ് വിഭാഗം ചികിത്സ, പതിവ് മെഡിക്കൽ പരിശോധനകൾ, ദന്തസംരക്ഷണം, ശസ്ത്രക്രിയ, തെറപ്പികൾ, സ്ഥിരം മരുന്നുകൾ, യാത്രച്ചെലവ് എന്നിവയെല്ലാമാണ് പദ്ധതിപ്രകാരം ലഭിക്കേണ്ടത്. ഒരു ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ. അതത് സാമ്പത്തികവർഷത്തിനുശേഷം ഇൻഷുറൻസ് പുതുക്കണം.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി നടത്തിപ്പെങ്കിലും കമ്പനിക്കുവേണ്ടി മറ്റു ജോലികൾ ചെയ്യുന്നത് ‘രക്ഷ’ ഹെൽത്ത് ഇൻഷുറൻസാണ്. കേരളത്തിലുള്ളവർ ‘രക്ഷ’യുടെ എറണാകുളത്തെ ഓഫിസിലേക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ ക്രോഡീകരിച്ച് ഹൈദരാബാദിലെ ഓഫിസിലേക്ക് കൈമാറും. അപേക്ഷകർ ‘രക്ഷ’ ഓഫിസുമായി ബന്ധപ്പെടുമ്പോൾ പലപ്പോഴും കൃത്യമായ മറുപടി ലഭിക്കാറില്ലെന്ന് പരാതിയുണ്ട്.


