പുഴകളിൽ കൈയേറ്റം നിർബാധം; നടപടി കടലാസിൽ
text_fieldsമീങ്കര പുഴ കൈയേറി വാഴ, തെങ്ങ്
എന്നിവ കൃഷി ചെയ്ത പ്രദേശം
കൊല്ലങ്കോട്: പുഴ കൈയേറ്റം വ്യാപകമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. പുഴകളുടെ വശങ്ങളാണ് വൻതോതിൽ കൈയേറി കൃഷി ചെയ്യുകയും ഭൂമി പരിവർത്തനം ചെയ്തിട്ടുമുള്ളത്. മുതലമട കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, കൊടുവായൂർ, പല്ലശ്ശന എന്നീ പഞ്ചായത്തുകളുടെ പരിധിയൂടെ ഒഴുകുന്ന, പുഴ, തോട് എന്നിവ ഏക്കർ കണക്കിന് കൈയേറി കൃഷി ചെയ്തും കെട്ടിടം നിർമിച്ചും മുന്നോട്ടുപോകുന്നവരെ തടയിടാൻ ഇറിഗേഷൻ, റവന്യു വകുപ്പിന് സാധിക്കാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. റൂം ഫോർ ദ റിവർ പദ്ധതിയിലൂടെ ഗായത്രി, ചുള്ളിയാർ പുഴകളുടെ മണ്ണ്, മണൽ, ചെളി എന്നിവ നീക്കം ചെയ്തെങ്കിലും അതിർത്തി തിട്ടപ്പെടുത്തി മണ്ണ് നീക്കാത്തതിനാൽ കൈയേറ്റം അതേപടി തുടരുന്നു.
മീങ്കര പുഴയിൽ റൂം ഫോർ ദ റിവർ പദ്ധതി നടപ്പാക്കാത്തതിനാൽ പുഴയുടെ മധ്യഭാഗത്താണ് വഴ, തെങ്ങ് എന്നിവ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പിന്റെ അനങ്ങാപ്പാറ നയം മൂലം 70 - 100 മീറ്ററിലധികം വീതിയുള്ള ഗായത്രി പുഴ ചില പ്രദേശങ്ങളിൽ 30 മീറ്ററിൽ ചുരുങ്ങിയ അവസ്ഥയാണ്.