വീരസ്മരണ പുതുക്കി അവർ 'തല്ലിത്തീർത്തു'
text_fieldsതിരുവോണത്തോടനുബന്ധിച്ച് നടന്ന ഓണത്തല്ല്
പല്ലശ്ശന: കോവിഡ് മാനദണ്ഡം പാലിച്ച് ഓണത്തല്ല്, അവിട്ടത്തല്ല് എന്നിവ നടത്തി.
പല്ലശ്ശനയുടെ നാട്ടുരാജാവായിരുന്ന കുറൂർ നമ്പിടിയെ അയൽനാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായർ യുദ്ധത്തിൽ ചതിച്ചുകൊന്നതിൽ രോഷംപൂണ്ട നാട്ടുമക്കൾ പ്രതികാരം തീർക്കാൻ ശത്രുരാജാവിനെതിരെ പോർവിളി നടത്തി പടനയിച്ചതിെൻറ വീരസ്മരണ പുതുക്കിയാണ് ഓണത്തല്ലും അവിട്ടത്തല്ലും നടത്തിയത്.
കോവിഡ് കാലമായതിനാൽ കാഴ്ചക്കാരും ദേശവാസികളും പത്തിൽ ഒരുഭാഗം മാത്രമായി ചുരുങ്ങി. തിരുവോണദിവസം വിവിധ സമുദായത്തിലെ ദേശവാസികൾ തല്ലുമന്ദത്ത് ഭസ്മം തൊട്ട് കച്ചക്കെട്ടി എത്തി.
വിവിധ സമുദായത്തിലെ ഒരുകുടി, ഏഴുകുടി ദേശങ്ങളിൽനിന്ന് പൊന്തിപ്പിടിച്ച കാരണവർമാരുടെ നേതൃത്വത്തിലാണ് ദേശവാസികളിൽ ചിലർ ചടങ്ങ് നടത്താൻ എത്തിയത്. തല്ലുമന്ദം വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ രണ്ടുപേർ മാത്രമാണ് ആചാരപ്രകാരം ഓണത്തല്ല് നടത്തിയത്. പല്ലശ്ശന വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ അവിട്ടദിനമായ ചൊവ്വാഴ്ച വൈകീട്ട് ചടങ്ങുകളിലായി മാത്രം ചുരുക്കി അവിട്ടത്തല്ല് നടത്തി.
കിഴക്കുമുറി, പടിഞ്ഞാറേമുറി നായർദേശക്കാരാണ് അവിട്ടത്തല്ലിൽ പങ്കെടുക്കുന്നത്. അപ്പുക്കുട്ടൻ, സുകുമാരൻ എന്നീ കാരണവൻമാർ പൊന്തിപ്പിടിച്ചു. ഓണത്തല്ലിന് വിവിധ ദേശങ്ങളെ പ്രതിനിധാനംചെയ്ത് മാധവൻ, രാമചന്ദ്രൻ, ചെന്താമരാഴൻ, പരമേശ്വരൻ, രാജേഷ്, രതീഷ് എന്നിവർ ക്ഷേത്രസന്നിധിയിലെത്തി.
കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ്, ആരോഗ്യവകുപ്പിലെ ബോബി. ഇ. ചെറിയൻ, പഞ്ചായത്ത് അധികൃതർ എന്നിവർ സന്നിഹിതരായിരുന്നു.