ഒറ്റപ്പാലം നഗരസഭയിൽ ആശാനും ശിഷ്യനും നേർക്കുനേർ
text_fieldsമോഹൻദാസും വിഷ്ണുവും പണിശാലയിൽ
ഒറ്റപ്പാലം: തൊഴിൽ പരിശീലിപ്പിച്ച ആശാനും ശിഷ്യനും തെരഞ്ഞെടുപ്പ് ഗോദയിൽ നേർക്കുനേർ അങ്കത്തിനിറങ്ങിയാൽ ഫലം എന്താകുമെന്ന ആശങ്കയിലാണ് ഒറ്റപ്പാലം നഗരസഭയിലെ കുമ്മാംപാറ വാർഡ് നിവാസികൾ. വെൽഡിങ് തൊഴിൽ ശാലയിലെ വർഷങ്ങൾ നീണ്ട സൗഹൃദാന്തരീക്ഷത്തിൽ നിന്നും രണ്ട് വ്യത്യസ്ത പാർട്ടികളുടെ സ്ഥാനാർഥികളായി ഒരേ വാർഡിൽ മത്സരിക്കുകയാണ് പത്തംകുളംപടി വീട്ടിൽ മോഹൻദാസും (55) കളത്തിൽ തൊടി വീട്ടിൽ വിഷ്ണുവും (28). മൂന്ന് പതിറ്റാണ്ടായി തോട്ടക്കരയിലെ റൂഫിങ് സ്ഥാപനത്തിലെ വെൽഡിങ് ജോലി ചെയ്യുന്ന മോഹൻദാസ് തൊഴിൽ അഭ്യസിപ്പിച്ച ശിഷ്യനാണ് വിഷ്ണു. പത്ത് വർഷമായി ഇരുവരും ഒരേ പണിശാലയിലാണ് തൊഴിലെടുക്കുന്നത്.
ഗുരു യു.ഡി.എഫ് സ്ഥാനാർഥിയായി വാർഡിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫിനായി ജനവിധി തേടുകയാണ് വിഷ്ണു. ഡി.വൈ.എഫ്.ഐ കുമ്മാംപാറ യൂനിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവും സി.പി.എം അംഗവുമാണ് വിഷ്ണു. കോൺഗ്രസ് അംഗമാണ് മോഹൻദാസ്. മത്സരം നേർക്കുനേർ ആണെങ്കിലും ഗുരു ശിഷ്യ ബന്ധത്തിന് യാതൊരു കോട്ടവും തട്ടുകയില്ലെന്ന് സ്ഥാനാർഥികൾ ഉറപ്പിച്ചു പറയുന്നു.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം വേരോട്ടമുള്ള സൗഹൃദമാണ് തങ്ങളുടേതെന്നാണ് ഇരുവരും പറയുന്നത്. ഇരുവരും അവധിയെടുത്ത് പ്രചാരണത്തിലാണ്. വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത് സൂരജാണ്.


