ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
text_fieldsഒറ്റപ്പാലത്ത് സ്വകാര്യ ബസിന് തീപിടിച്ചപ്പോൾ
ഒറ്റപ്പാലം: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ അഗ്നിബാധ. ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ബസിൽ നിന്നും തീയും പുകയും ഉയരുന്നതായി കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരെ ബസിൽ നിന്നും ആളുകളെ പൂർണമായും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
പാലക്കാട് - ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘അമ്പാടി കണ്ണൻ’ ബസിനാണ് തീപിടിച്ചത്. വൈകുന്നേരം 6.45ഓടെയാണ് സംഭവം. ബസിന്റെ അടിയിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഒറ്റപ്പാലം ശാഖക്ക് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരുടെ അവസരോചിത ഇടപെടൽ അനുഗ്രഹമായി. പമ്പിൽ സൂക്ഷിച്ചിരുന്ന അഗ്നിശമന ഉപകരണം പ്രയോഗിച്ചതിനാൽ അഗ്നി പടരുന്നത് ഒഴിവാക്കാനായി. ഡീസൽ പൈപ്പ് പൊട്ടിയതാകാം തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


