വിദ്യാർഥികളുള്ള ഓട്ടോറിക്ഷ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
text_fieldsസ്ഫോടക വസ്തുവിന് മുകളിൽ ഓട്ടോറിക്ഷ കയറിയപ്പോൾ പൊട്ടിത്തെറിയുണ്ടായ തൃക്കങ്ങോട് വിവേകാനന്ദ-ചാത്തൻ പറമ്പ് റോഡിൽ പൊലീസ് പരിശോധന നടത്തുന്നു
ഒറ്റപ്പാലം: വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ചക്രത്തിനടിയിൽനിന്ന് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. മനിശ്ശേരി എ.യു.പി സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോക്കടിയിൽനിന്നാണ് ഉഗ്ര സ്ഫോടനമുണ്ടായത്. തൃക്കങ്ങോട് വിവേകാനന്ദ-ചാത്തൻ പറമ്പ് റോഡിൽ ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. വിദ്യാലയത്തിലെത്താൻ 200 മീറ്റർ മാത്രം ശേഷിച്ചിരിക്കെയാണ് അപകടം.
എതിരെ വന്ന മറ്റൊരു വാഹനത്തിന് കടന്നുപോകാനായി ഓട്ടോറിക്ഷ അരിക് ചേർത്തപ്പോഴാണ് സ്ഫോടനമുണ്ടായത്. പാതക്കരികിൽ കിടന്നിരുന്ന വസ്തുവിന് മീതെ ഓട്ടോയുടെ ടയർ കയറിയതോടെയാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി നടന്നതെന്ന് ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. കനത്ത ശബ്ദത്തിൽ സ്ഫോടനമുണ്ടായെങ്കിലും കുട്ടികളും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷക്ക് കേടുപാടുകളുമില്ല. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതിനാൽ പന്നിപ്പടക്കമാകാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനുവരി നാലിന് വരോട് വീട്ടാമ്പാറയിലും സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. അന്ന് വഴിയിൽ കിടന്നിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നടന്നുപോവുകയായിരുന്ന 11കാരനായ വിദ്യാർഥിയുടെ കാലിന് പരിക്കേറ്റിരുന്നു.


