ഡ്യൂട്ടി ഡോക്ടർക്കും സുരക്ഷ ജീവനക്കാരനുമെതിരെ കൈയേറ്റം; പ്രതി അറസ്റ്റിൽ
text_fieldsഗോപകുമാർ
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കും സുരക്ഷ ജീവനക്കാരനും നേരെ യുവാവിന്റെ കൈയേറ്റം. സംഭവത്തിൽ ചുനങ്ങാട് മുട്ടിപ്പാലം വാട്ടാൻതൊടിയിൽ ഗോപകുമാറിനെ (34) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റ നിലയിൽ ഭാര്യയെ ആശുപത്രിയിലെത്തിച്ച ഗോപകുമാർ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോ. ഉമ്മർ ഫാറൂഖ്, സുരക്ഷ ജീവനക്കാരൻ ജ്യോതിഷ് എന്നിവരെ കൈയേറ്റം ചെയ്യുകയും ഒ.പി ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്നുമാണ് കേസ്.
സംഭവ സമയം ഗോപകുമാർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് പരിക്കേറ്റത് എങ്ങനെയാണെന്ന് ഡോക്ടർ ചോദിച്ചതാണ് ഇയാൾ പ്രകോപിതനാകാൻ കാരണമെന്ന് പറയുന്നു. ഡോക്ടറെ കൈയേറ്റം ചെയ്യുന്നത് തടയാനുള്ള ശ്രമത്തിനിടയിലാണ് സുരക്ഷ ജീവനക്കാരന് നേരെ ആക്രമണം. സുരക്ഷ ജീവനക്കാരന്റെ കൈ കടിച്ചുമുറിവേൽപ്പിച്ച നിലയിലാണ്. പൊലീസ് ഇയാളെ ആശുപത്രിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ആരോഗ്യ പ്രവർത്തകർക്ക് ജോലി സംരക്ഷണം നൽകുന്ന കേരള ഹെൽത്ത് കെയർ സർവിസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് സർവിസ് ഇൻസ്റ്റിട്യൂഷൻസ് നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.