ചുമക്ക് നൽകിയ ഗുളികയിൽ കറുത്ത പുള്ളികൾ കണ്ടെത്തിയതായി പരാതി
text_fieldsഒറ്റപ്പാലം: വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ ഗുളികയിൽ കറുത്ത പുള്ളികൾ കണ്ടെത്തിയതായി പരാതി. കൂനത്തറ സ്വദേശി സുഭാഷാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുഭാഷിന്റെ ഒമ്പതുകാരിയായ മകൾ ഇഷികക്ക് ചുമക്കുള്ള മരുന്നായി നൽകിയ ഗുളികയിലാണ് കറുത്ത പുള്ളികൾ കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കുറിച്ചു നൽകിയ പ്രകാരം ലഭിച്ച ഗുളികയാണിത്. രണ്ട് ഗുളികയും ഒരു സിറപ്പുമാണ് ഡോക്ടറുടെ കുറിപ്പടി പ്രകാരം ലഭിച്ചതെന്ന് സുഭാഷ് പറയുന്നു. വീട്ടിലെത്തി കുട്ടിക്ക് മരുന്ന് നൽകാനായി ഗുളിക എടുത്തപ്പോഴാണ് ഗുളികയിലെ പുള്ളികൾ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ആരോഗ്യകേന്ദ്രത്തിലെത്തി ചുമതലയിലുള്ള ജീവനക്കാരനോട് വിവരം പറഞ്ഞപ്പോൾ ഗുളിക ആവശ്യപ്പെടുകയും കൊടുത്തപ്പോൾ വാങ്ങി പകരം രണ്ട് ഗുളികകൾ നൽകുകയുമായിരുന്നു. പുള്ളികളുള്ള ഗുളിക തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും നശിപ്പിച്ചെന്ന് ജീവനക്കാരൻ അറിയിച്ചതായും സുഭാഷ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകുമെന്ന് സുഭാഷ് അറിയിച്ചു.



