നൻമയുടെ റൂട്ടിൽ ‘ദർശൻ’ ബസ് ജീവനക്കാർ
text_fields‘ദർശൻ’ ബസ് ഡ്രൈവർ മണികണ്ഠനും കണ്ടക്ടർ വിനുവും
ഒറ്റപ്പാലം: സ്വകാര്യ ബസിൽ മറന്നുവെച്ച ഒന്നര ലക്ഷം രൂപയും ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും യാത്രക്കാർക്ക് തിരികെ നൽകിയ ബസ് ജീവനക്കാരുടെ സത്യസന്ധത മാതൃകയായി. ഒറ്റപ്പാലം-പാലക്കാട് റൂട്ടിലോടുന്ന ‘ദർശൻ’ ബസിലെ ഡ്രൈവർ പട്ടാമ്പി പള്ളിപ്പുറം സ്വദേശി മണികണ്ഠൻ, കണ്ടക്ടർ പഴയന്നൂർ സ്വദേശി വിനു എന്നിവരാണ് നന്മ നിറഞ്ഞ പ്രവർത്തനത്തിലൂടെ ശ്രദ്ധേയരായത്. യാത്രക്കാരായിരുന്ന നിലമ്പൂർ സ്വദേശികളായ 12 അംഗ കുടുംബത്തിനാണ് പണവും ആഭരണവും തിരികെ ലഭിച്ചത്.
ചെന്നൈയിൽ നടക്കുന്ന വിവാഹത്തിൽ സംബന്ധിക്കാൻ ഞായറാഴ്ച രാവിലെ ഒറ്റപ്പാലത്ത് നിന്ന് പാലക്കാട്ടേക്ക് ബസിൽ കയറിയതായിരുന്നു കുടുംബം. പാലക്കാട്ടെത്തിയപ്പോൾ തിരക്കിനിടയിൽ ബാഗ് എടുക്കാൻ മറന്നു.
ഡ്രൈവറും കണ്ടക്ടറും നടത്തിയ പതിവ് പരിശോധനയിലാണ് പിൻസീറ്റിലുണ്ടായിരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടത്. തുറന്നപ്പോൾ വസ്ത്രങ്ങളാണ് കണ്ടത്. വൈകുന്നേരം ഓട്ടം പൂർത്തിയാക്കിയ ശേഷം വിശദമായി പരിശോധിച്ചപ്പോൾ വസ്ത്രങ്ങൾക്കിടയിൽ നിന്ന് ഒന്നരലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി. ബസ് മാനേജരും പാലക്കാട് സ്വദേശിയുമായ ജുബൈറിനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞ് ബാഗ് ഏൽപ്പിച്ചു. ഇതിനിടെ ബാഗ് നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നറിഞ്ഞു. തുടർന്ന് സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി.


