നാല് പതിറ്റാണ്ടിനിപ്പുറം പിതാവിന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയ ആഹ്ലാദത്തിൽ കുടുംബം
text_fieldsഒറ്റപ്പാലം പത്തൊമ്പതാം മൈൽ പത്തൂർ വളപ്പിൽ സായ് കിരണും കുടുംബവും തിരികെ വീട്ടിലെത്തിച്ച ബുള്ളറ്റിനൊപ്പം
ഒറ്റപ്പാലം: നാല് പതിറ്റാണ്ട് മുമ്പ് കൈവിട്ട പിതാവിന്റെ ഇഷ്ടവാഹനം കണ്ടെത്തി സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് ഒറ്റപ്പാലം നഗരസഭ കൗൺസിലർ സായ് കിരണും കുടുംബവും. ഒറ്റപ്പാലം പത്തൊമ്പതാം മൈൽ പത്തൂർ വളപ്പിൽ ഗംഗാധരൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന 1959 മോഡൽ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് നീണ്ട അന്വേഷങ്ങൾക്കൊടുവിൽ കണ്ടെത്തി സായ് കിരൺ തിരികെ വീട്ടുമുറ്റത്തെത്തിച്ചത്.
1989ലാണ് ഗംഗാധരൻ മരിച്ചത്. 1985ൽ ചില പ്രത്യേക സാഹചര്യങ്ങളെ തുടർന്നാണ് ഗംഗാധരൻ വാഹനം 9,300 രൂപക്ക് വിറ്റത്. പിതാവിനെ കുറിച്ച ഒളിമങ്ങാത്ത ഓർമകളിൽ അദ്ദേഹത്തിന്റെ ഇഷ്ടവാഹനവും സായ് കിരണിന്റെ മനസ്സിൽ നിറമുള്ള കാഴ്ചയായി. ബുള്ളറ്റ് തിരികെ വീട്ടിൽ എത്തിക്കണമെന്ന മോഹം ആഗ്രഹമായി വളർന്നു. വാഹനം കണ്ടെത്താനുള്ള അന്വേഷണമായി. എന്നാൽ, അന്വേഷണങ്ങൾ വഴിമുട്ടിയതല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. ഇടക്കാലത്ത് കുടുംബത്തോടൊപ്പം ബുള്ളറ്റിന് സമീപം അച്ഛൻ നിൽക്കുന്ന ഫോട്ടോ കാണാനിടയായതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തിരച്ചിലിന് സഹായിയായി സഹോദരപുത്രൻ അശ്വിൻ സായിയും ഒപ്പം കൂടി.
ആർ.ടി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് അശ്വിൻ നടത്തിയ അന്വേഷണത്തിനൊടുവിൽ നിലവിൽ വാഹനം കണ്ണൂർ കാപ്പാട് സ്വദേശി അമലിന്റെ കൈവശമാണെന്ന് തിരിച്ചറിയാനായി. സമൂഹ മാധ്യമങ്ങളിലൂടെ അമലുമായി ബന്ധപ്പെടുകയും ആഗ്രഹം അറിയിക്കുകയുമായിരുന്നു. പിതാവിനോടുള്ള മകന്റെ വൈകാരികത തൊട്ടറിഞ്ഞ അമൽ ബുള്ളറ്റ് തിരികെ നൽകാൻ സമ്മതം അറിയിച്ചു. തുടർന്നാണ് 41 വർഷങ്ങൾക്കിപ്പുറം പത്തൂർ വളപ്പിലെ വീട്ടുമുറ്റത്ത് ബുള്ളറ്റ് എത്തിയത്. വർഷങ്ങളുടെ കാലപ്പഴക്കം നേർകാഴ്ചയിൽ കണ്ടെത്താൻ കഴിയാത്ത വിധം മോടിയോടെയാണ് വാഹനം സൂക്ഷിച്ചുപോന്നതെന്ന് വ്യക്തം. അച്ഛനില്ലാത്ത വീട്ടിൽ അച്ഛന്റെ സ്മാരകമായ വാഹനം എത്തിക്കാനായതിൽ അഭിമാനത്തിലാണ് കുടുംബം


