വോട്ടുനേടി അച്ഛനും മകനും; മുസ്ലിം ലീഗ് ചിഹ്നത്തിൽ
text_fieldsമണികണ്ഠനും മകൻ ജിഷ്ണുവും പ്രചാരണത്തിനിടെ
ഒറ്റപ്പാലം: മകന് വേണ്ടി അച്ഛനും അച്ഛന് വേണ്ടി മകനും പരസ്പരം വോട്ടഭ്യഥിക്കുമ്പോൾ ജനത്തിന് കൗതുകം.
മുസ്ലിം ലീഗിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ അനങ്ങനടി ഡിവിഷനിൽ മത്സരിക്കുന്ന പനമണ്ണ ഒടുവങ്ങാട്ടിൽ വീട്ടിൽ മണികണ്ഠനും (59), അനങ്ങനടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ മത്സരിക്കുന്ന മകൻ ജിഷ്ണുവുമാണ് (26) തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറിട്ട കാഴ്ചയാകുന്നത്.
യു.ഡി.എഫ് പാനലിൽ മത്സരിക്കുന്ന ഇരുവർക്കും അനുവദിച്ചിരിക്കുന്നത് ലീഗിന്റെ ചിഹ്നവുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണികണ്ഠനിത് നാലാം ഊഴം. സി.പി.എം സ്ഥാനാർത്ഥിയായി അനങ്ങനടി പഞ്ചായത്തിലെ തരുവാക്കോണം വാർഡിൽനിന്ന് 1995 ലായിരുന്നു ആദ്യ മത്സരം. മണികണ്ഠനായിരുന്നു അന്ന് വിജയം. തുടർന്ന് പാർട്ടി വിട്ട ഇദ്ദേഹം 2010 ൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ഒരു വോട്ടിന് പരാജയപ്പെട്ടു.
തുടർന്നാണ് യു.ഡി.എഫ് പക്ഷത്തേക്കുള്ള ചുവട് മാറ്റം. 2015ൽ ലീഗ് സ്ഥാനാർഥിയായി പാവുക്കോണത്ത് നിന്നും വിജയം നേടി. 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ തരുവാക്കോണം വാർഡിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായ മണികണ്ഠന്റെ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കന്നി അങ്കമാണിത്. നിയമ ബിരുദധാരിയും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ജിഷ്ണുവിന്റെ ആദ്യ മത്സരമാണിത്. അച്ഛൻ മത്സരിക്കുന്നത് വൈകി വന്ന തീരുമാനമാണെന്നും നേരത്തെ അച്ഛന് വേണ്ടി വോട്ട് അഭ്യർഥിച്ചിരുന്നതിൽ നിന്നും വിഭിന്നമായി അച്ഛനും തനിക്കും വേണ്ടി വോട്ട് അഭ്യർഥിക്കുകയാണെന്നും സമാന സ്വഭാവത്തിലാണ് അച്ഛന്റെ പ്രചാരണമെന്നും അടിസ്ഥാന വികസനത്തിന്റെ കുറവ് വാർഡിൽ പ്രകടമാണെന്നും ജിഷ്ണു പറഞ്ഞു. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളജ് ബസിലെ ജീവനക്കാരനാണ് മണികണ്ഠൻ. മത്സരത്തിൽ ഇരുവരും വിജയ പ്രതീക്ഷ പങ്കുവെച്ചു.


