പഠനം തുടർക്കഥ; 62ാം വയസ്സിൽ അഭിഭാഷക കുപ്പായമണിഞ്ഞ് ഹംസ മാസ്റ്റർ
text_fieldsകേരള ബാർ കൗൺസിൽ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന എൻറോൾമെന്റ് ചടങ്ങിൽ ഹംസ മാസ്റ്റർ യോഗ്യത പത്രം ഏറ്റുവാങ്ങുന്നു
ഒറ്റപ്പാലം: പഠനവഴിയിൽ സമ്പാദിച്ച ബിരുദങ്ങൾക്കൊടുവിൽ നിയമ പഠനംകൂടി പൂർത്തിയാക്കിയ എ. ഹംസ എന്ന മുൻ അധ്യാപകൻ 62ാം വയസ്സിൽ അഭിഭാഷക കുപ്പായമണിഞ്ഞു.
ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകനായിരുന്ന അമ്പലപ്പാറ ആക്കപ്പറമ്പിൽ ഹംസ മാസ്റ്റർ 2018 മാർച്ചിലാണ് വിരമിച്ചത്.
തുടർന്ന് എൻട്രൻസ് പരീക്ഷയെഴുതി വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്കിടിയിലെ നെഹ്റു ലോ കോളജിൽ പ്രവേശനവും ലഭിച്ചു. ലോ അക്കാദമിയിൽനിന്ന് 2021-24 കാലയളവിൽ റെഗുലർ വിദ്യാർഥിയായി പഠിച്ചാണ് എൽ.എൽ.ബി പാസായത്. എൽ.എൽ.ബി പരീക്ഷ ഒന്നാം ക്ലാസോടെ പാസായ ഇദ്ദേഹം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ക്വാളിഫെയിങ് പരീക്ഷയും വിജയയിച്ചു. തുടർന്ന് കേരള ഹൈകോടതിയിലെ കേരള ബാർ കൗൺസിലിൽ എൻറോൾമെന്റും പൂർത്തിയാക്കി.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം ബാർ അസോസിയേഷനിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് ഫാമിലി കണക്റ്റിങ് മീഡിയേറ്റർ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. പ്രീഡിഗ്രിയും ടി.ടി.സിയും കഴിഞ്ഞ് പ്രൈമറി സ്കൂൾ അധ്യാപകനായാണ് ഹംസയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം.
ജോലിയിലിരിക്കെ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ബിരുദാന്തര ബിരുദവും നേടി. തുടർന്ന് അവധിയെടുത്ത് ബി.എഡ് പൂർത്തിയാക്കിയ ഇദ്ദേഹം എസ്.ഇ.ടി പരീക്ഷയും ഡിപ്പാർട്ട്മെന്റ് പരീക്ഷകളും എഴുതി സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചു. റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് (ആർ.ഐ ഇ.എസ്.ഐ)യിൽനിന്ന് ടീച്ചർ ഡെവലപ്മെന്റ് ട്രെയിനിങ്ങിലും യോഗ്യത നേടി. തുടർന്ന് പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചത് നിരസിച്ച ഇദ്ദേഹം കുറച്ചുകാലം പ്രവാസിയുമായി. അബൂദബി മോഡൽ സ്കൂളിൽ ഹയർ സെക്കൻഡറി അധ്യാപകനായി ജോലിനോക്കിയ ശേഷം നാട്ടിലെത്തി വീണ്ടും അധ്യാപക വൃത്തിയിൽ തുടരുകയായിരുന്നു.