ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ കൊല;പ്രതിയെ പിടികൂടിയിട്ടും മരിച്ചയാൾ ‘അജ്ഞാത’നായി തുടരുന്നു
text_fieldsപ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടിയിട്ടും കൊല്ലപ്പെട്ടയാൾ ആരെന്ന് വ്യക്തമായില്ല.
കേസിലെ പ്രതി തിരുവനന്തപുരം അരുവിക്കര വെമ്പന്നൂർ രേവതി ഭവനിൽ മധുസൂദനൻ നായരെ (63) കഴിഞ്ഞ ദിവസം ഒറ്റപ്പാലം പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, കൊല്ലപ്പെട്ടത് 60 വയസ്സ് തോന്നിക്കുന്നയാളാണ് എന്നതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാത്തത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് വയോധികനെ ബസ് സ്റ്റാൻഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം രക്തം പുരണ്ട കല്ല് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മധുസൂദനൻ നായർ അറസ്റ്റിലായത്. കൊല്ലപ്പെട്ടയാൾക്ക് നൽകിയ പണം തിരികെ കിട്ടാത്തതുമായുണ്ടായ വൈരാഗ്യത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ മരിച്ചയാളുടെ ഊരും പേരും സംബന്ധിച്ച വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. മരിച്ചയാൾ ഇതര സംസ്ഥാനക്കാരനാണെന്നാണ് പൊലീസ് നിഗമനം.


