പുറത്തിറങ്ങാൻ പേടിച്ച് ജനം
text_fieldsപട്ടാപ്പകൽ തീറ്റ തേടി നടക്കുന്ന പന്നിക്കൂട്ടം. ഒറ്റപ്പാലത്ത് നിന്നുള്ള ദൃശ്യം
ഒറ്റപ്പാലം: നാടും നഗരവും എന്ന വ്യത്യാസമില്ലാതെ പട്ടാപ്പകൽപോലും കാട്ടുപന്നിക്കൂട്ടം വിലസുന്നത് ജനത്തിന് ആധിയാകുന്നു. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുകയാണ് കാട്ടുപന്നികൾ. നേരത്തെ രാത്രിയിൽ ഗ്രാമീണ മേഖലകളിൽ മാത്രം വിലസിയിരുന്ന പന്നിക്കൂട്ടങ്ങൾ ഇപ്പോൾ നഗര പ്രദേശങ്ങളിലെ പതിവ് കാഴ്ചയാണ്. കൃഷിയിടങ്ങൾ കൂടാതെ നഗര പാതകൾ വരെ ഇവയുടെ സ്വൈര്യത്താവളങ്ങളായി മാറി.
ഇവയെ ഇടിച്ച് മറിഞ്ഞ് ഇരുചക്ര, മുച്ചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. ഈസ്റ്റ് ഒറ്റപ്പാലം, പാലപ്പുറം, കണ്ണിയംപുറം തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് പന്നിക്കൂട്ടങ്ങൾ താവളമാക്കുന്നത്. ഇതിന് പുറമെ പന്നികൾ നേരിട്ട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം തോട്ടക്കര സ്വദേശിക്ക് നേരെ പന്നിയുടെ ആക്രമണം ഉണ്ടായെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
വിദേശത്തും മറ്റുമായി പണിതീരാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വളപ്പുകളും ആൾ താമസമില്ലാതെ കിടക്കുന്ന വീട്ടുവളപ്പുകളുമാണ് പന്നികളുടെ താവളം. ഇവിടങ്ങളിൽ ഇടതൂർന്ന് വളരുന്ന പൊന്തക്കാടുകൾ ഇവറ്റകളുടെ ആവാസത്തിന് അനുകൂലമാണ്. ഇത്തരം പൊന്തക്കാടുകൾ വെട്ടിനീക്കിയാൽ തന്നെ പന്നികളുടെ ശല്യത്തിന് ഒരളവോളം കുറവുണ്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തെരുവ് നായ്ക്കൾ, മയിൽ, കുരങ്ങൻ തുടങ്ങിയവയുടെ ശല്യം ഒട്ടും കുറയാതെ നിലനിൽക്കുമ്പോഴാണ് കാട്ടുപന്നി ശല്യം കൂടി ജനത്തിന് ബാധ്യതയാകുന്നത്.
പരാതികൾ നിരന്തരം ഉയരുമ്പോഴും അധികൃതർക്ക് അവഗണനയാണെന്ന ആക്ഷേപവുമുണ്ട്. പ്രശ്നത്തിന് അടിയന്തിമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അരീക്കപ്പാടം വാർഡ് കൗൺസിലർ പി. കല്യാണി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലൽ; തിരുവേഗപ്പുറയിൽ പ്രത്യേക പദ്ധതി
പട്ടാമ്പി: കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി തിരുവേഗപ്പുറ പഞ്ചായത്ത്. പദ്ധതിയുടെ ഏകോപനത്തിനായി സ്പെഷൽ ഓഫിസറെ നിയമിച്ചു. പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം ലഭ്യമായതോടെ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു.
പഞ്ചായത്ത് നിയോഗിച്ച അംഗീകൃത ലൈസൻസ് ഉള്ള ഷൂട്ടർമാരുടെ സംഘം കാട്ടുപന്നികളുടെ ശല്യം പൂർണമായും ഇല്ലാതാക്കുന്നത് വരെ സ്ഥിരം സംവിധാനം പോലെ തന്നെ വേട്ട തുടരുമെന്നും വിവിധ ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നി വേട്ട നടത്തുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ് അറിയിച്ചു.
വേട്ട ആരംഭിച്ച ആദ്യ ദിവസം തന്നെ 13 പന്നികളെയാണ് വെടിവെച്ച് കൊന്നത്. പ്രസിഡന്റ് കെ.കെ.എ. അസീസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, മെംബർമാരായ പി.ടി. ഹംസ, കെ.ടി.എ. മജീദ്, പഞ്ചായത്ത് നിയോഗിച്ച സ്പെഷ്യൽ ഓഫിസർ ടി. ഹനീഫ എന്നിവർ ഷൂട്ടർമാരുടെ സംഘത്തോടൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


