തോൽപാവകൂത്തിന് പുതുമ പകർന്ന് ‘മായാസീത’ അരങ്ങത്ത്
text_fieldsമായാസീത അരങ്ങിൽ അവതരിപ്പിച്ച കൂനത്തറയിലെ ഹരിശ്രീ കണ്ണൻ തോൽപാവകൂത്ത് കലാകേന്ദ്രത്തിലെ കലാകാരൻമാർ
ഒറ്റപ്പാലം: രാമായണം ഇതിഹാസ ഗ്രന്ഥത്തിന്റെ പുനരാഖ്യാനങ്ങളിൽ തെളിയുന്ന മായാസീതയെ നായികയാക്കി കൂനത്തറയിലെ ഹരിശ്രീ കണ്ണൻ തോൽപാവകൂത്ത് കലാകേന്ദ്രം പുതിയ കഥയുമായി അരങ്ങിലെത്തി. യഥാർഥ സീതക്ക് പകരം രാമായണത്തിൽ രണ്ടിടങ്ങളിലായി മാത്രം പരാമർശിക്കുന്ന മായാസീതയെ ഇതിവൃത്തമാക്കിയാണ് പരമ്പരാഗത തോൽപാവകൂത്തിന്റെ തനിമ ചോരാതെ ‘മായാസീത’ എന്ന് പേരിട്ട തോൽപാവകൂത്ത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. തമിഴ് കവി കമ്പർ രചിച്ച കമ്പരാമായണം കഥയാണ് തോൽപാവകൂത്തിന് ആധാരം.
തിരുവനന്തപുരം കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ജനുവരി 14 മുതൽ 19 വരെ നടന്ന രാഗ്ബാഗ് ഇന്റർനാഷനൽ ഫെസ്റ്റിവലിന്റെ സമാപന ദിവസമാണ് ‘മായാസീത’ അരങ്ങിലെത്തിയത്. പരമ്പരാഗതരീതിയിൽ മാടത്തിന് കുറുകെ കെട്ടിയ പാതിവീതം കറുപ്പിലും വെളുപ്പിലും തീർത്ത തിരശ്ശീലയിൽ വിരിയുന്ന നിഴൽ രൂപങ്ങളിലൂടെയാണ് മായാസീതയുടെ അവതരണവും നടന്നത്. തിരിവെട്ടത്തിലാണ് പാവകളുടെ നിഴൽ രൂപങ്ങൾ തിരശ്ശീലയിൽ തെളിയുക.
40ഓളം പാവകളുടെ സഹായത്തോടെയാണ് 45 മിനിട്ട് ദൈർഘ്യമുള്ള കലാരൂപം അരങ്ങിലെത്തിച്ചത്. എം. ലക്ഷ്മണപുലവരുടെ നേതൃത്വത്തിൽ ഹരികൃഷ്ണൻ തിരക്കഥ തയാറാക്കി. ഹരിശ്രീ കണ്ണൻ തോൽപാവകൂത്ത് കലാകേന്ദ്രത്തിലെ കലാകാരന്മാരായ സജിത്ത്, രാമദാസ്, വിഷ്ണു, അഭിഷേക്, അക്ഷയ് എന്നിവരും ചേർന്നായിരുന്നു ആദ്യാവതരണം. കേരളത്തിന്റേതായി മായാസീത തോൽപാവകൂത്തും മുടിയേറ്റ് കലാരൂപവുമാണ് അവതരണത്തിൽ ഉൾപ്പെട്ടിരുന്നതെന്ന് കലാരൂപം സംവിധാനം ചെയ്ത സജീഷ് പുലവർ പറഞ്ഞു.
കേരള ഫോക്ലോർ അക്കാദമി അവാർഡ്, മിനിസ്ട്രി ഓഫ് കൾച്ചർ സീനിയർ ഫെല്ലോഷിപ്, യുനിമ ഇന്റർനാഷനൽ ഹെറിറ്റേജ് അവാർഡ് തുടങ്ങിയവ നേടിയ വ്യക്തിയാണ് എം. ലക്ഷ്മണ പുലവർ. സജീഷ് പുലവർക്ക് കേരള ഫോക്ലോർ അക്കാദമി യുവപ്രതിഭ അവാർഡ്, മിനിസ്ട്രി ഓഫ് കൾച്ചർ ജൂനിയർ ഫെലോഷിപ്, കേരള സർക്കാർ വജ്ര ജൂബിലി ഫെലോഷിപ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.