കടൽകടന്ന് തോൽപ്പാവക്കൂത്ത് അറേബ്യൻ മണ്ണിൽ
text_fieldsതോൽപ്പാവക്കൂത്ത് അവതരണത്തിനായി എത്തിയ രാമചന്ദ്ര പുലവർക്ക് ദുബൈയിൽ നൽകിയ സ്വീകരണം. സമീപം മന്ത്രി വി. അബ്ദുറഹിമാൻ
ഒറ്റപ്പാലം: ആചാരാനുഷ്ഠാനങ്ങളുടെ നേർക്കാഴ്ചയായി വള്ളുവനാടൻ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന തോൽപ്പാവക്കൂത്ത് കലാരൂപം കടൽ കടന്ന് അറേബ്യൻ മണ്ണിലുമെത്തി. രാജ്യം പത്മശ്രീ നൽകി ആദരിച്ച കൂനത്തറയിലെ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ യു.എ.ഇയിലെ ദുബൈ അൽ ഖിസൈസ് ക്രസന്റ് സ്കൂളിൽ അറബികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർക്കു മുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു പാവക്കൂത്ത് അവതരണം.
യു.എസ്, ജപ്പാൻ, ഫ്രാൻസ്, പാരിസ്, തായ്ലൻഡ് തുടങ്ങി 45ഓളം രാജ്യങ്ങളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും മിഡിൽ ഈസ്റ്റിൽ ആദ്യാനുഭവമായിരുന്നെന്ന് രാമചന്ദ്ര പുലവർ പറഞ്ഞു. ദുബൈ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച വാർഷികാഘോഷ ഭാഗമായി ഗുരുവായൂരിലെ ഗ്രാൻമ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പാവകളി അവതരണം. കേരളത്തിന്റെയും മലയാളിയുടെയും ആദിമ കാലവും ആര്യ, ദ്രാവിഡ സംസ്കാരങ്ങളും നവോത്ഥാന ഘട്ടങ്ങളും പ്രതിപാദിക്കുന്ന ‘കേരളീയം’ ആയിരുന്നു തോൽപ്പാവക്കൂത്തിലൂടെ വരച്ചുകാട്ടിയത്. കൂത്ത് മാടം കൊട്ടിക്കയറുന്നതും തിരിവെട്ടത്തിൽ പാവകളുടെ ചലിക്കുന്ന നിഴൽരൂപങ്ങളിൽ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചും നടന്ന തോൽപ്പാവക്കൂത്തിന് പരമ്പരാഗത രീതി തന്നെ ഇവിടെയും കൂട്ടായി. തമിഴും മലയാളവും കലർന്ന ശീലുകളിൽ ചിട്ടപ്പെടുത്തിയ കേരളീയം കൂത്ത് കാണാനായി നൂറുക്കണക്കിന് പ്രവാസി മലയാളികൾ പ്രേക്ഷകരായെത്തി.
മന്ത്രി വി. അബ്ദുറഹിമാൻ വേദിയിലുണ്ടായിരുന്നതായും രാമചന്ദ്ര പുലവർ പറഞ്ഞു. രാമചന്ദ്ര പുലവരുടെ മകൻ രാജീവ് പുലവർ, ലക്ഷ്മണൻ, ആദിത്യൻ, വിജയ് കൃഷ്ണൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗൾഫ് മേഖലയിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുക എന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നെന്നും ഗ്രാൻമയാണ് ഇതിന് അവസരം ഒരുക്കിയതെന്നും ഇദ്ദേഹം പറഞ്ഞു.