ട്രെയിനിന് കല്ലേറ്: നാല് ബിഹാർ സ്വദേശികൾ അറസ്റ്റിൽ
text_fieldsട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിൽ പിടിയിലായ പ്രതികൾ
ഒറ്റപ്പാലം: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് കണ്ണിന് പരിക്കേറ്റ സംഭവത്തിൽ നാല് പേരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ അമിത് കുമാർ (23), നിതീഷ് കുമാർ (19), ഭോല കുമാർ (23), രൺധീർ കുമാർ (23) എന്നിവരാണ് പിടിയിലായത്. 18ന് പുലർച്ചെ 1.10ന് ഒറ്റപ്പാലം മായന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ് പരിസരത്താണ് 12695 നമ്പർ എക്സ്പ്രസ് ട്രെയിനിന് കല്ലേറ് നടന്നത്.
ഒറ്റപ്പാലം പൊലീസിന് രേഖാമൂലം പരാതി ലഭിക്കാതിരുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ആർ.പി.എഫ് അറിയിച്ചു. അതേസമയം പാലക്കാട് ആർ.പി.എഫ് സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി ഒരു സ്പെഷൽ ടീമിനെ നിയോഗിക്കുകയും ചെയ്തു. സംഭവം നടന്ന പ്രദേശത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള 40 സി.സി.ടി.വി കാമറകൾ പരിശോധിച്ചുൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും ആർ.പി.എഫ് അറിയിച്ചു.
പാലക്കാട് ഡി.എസ്.സി.ആർ ഇൻസ്പെക്ടർ ക്ലാരി വത്സല, ആർ.പി.എഫ് സബ് ഇൻസ്പെക്ടർമാരായ യു. രമേശ് കുമാർ, വി. ബിനോയ് കുര്യൻ, പി. ഷാജുകുമാർ, ഹെഡ് കോൺസ്റ്റബിൾ പ്രതീഷ്, കോൺസ്റ്റബിൾ രൂപേഷ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.