ഒറ്റപ്പാലം താലൂക്ക് ആശുപത്രി പുതിയ രക്തബാങ്കിന്റെ ട്രയൽ റൺ വിജയം
text_fieldsബ്ലഡ് സർവിസ് കേരളയുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നടന്ന രക്ത ബാങ്കിന്റെ ട്രയൽ റൺ
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന രക്ത ബാങ്കിന്റെ പരീക്ഷണ പ്രവർത്തനം വിജയം. ബ്ലഡ് സർവിസ് കേരളയുടെ ആറ് പ്രതിനിധികൾ താലൂക്ക് ആശുപത്രിയിലെത്തിയാണ് ദാതാക്കളിൽനിന്ന് രക്തം സ്വീകരിച്ച് ട്രയൽ റൺ പൂർത്തിയാക്കിയത്.ട്രയൽ റൺ വിജയകരമായ സാഹചര്യത്തിൽ 24 മണിക്കൂറും സേവനം ലഭിക്കുന്നവിധം രക്ത ബാങ്ക് പ്രവർത്തനം അടുത്തുതന്നെ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു. 80 മുതൽ 100 യൂനിറ്റ് വരെ രക്തം ശേഖരിക്കാൻ കഴിയുന്നതാണ് ബാങ്ക്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ മേഖലയിൽ ഈ സംവിധാനമുള്ള ജില്ലയിലെ ആശുപത്രികൾ മൂന്നായി.
പാലക്കാട് ജില്ല ആശുപത്രിയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ് നിലവിൽ രക്തബാങ്കുകളുള്ളത്. രക്തത്തിലെ പ്ലേറ്റ്ലറ്റ്, പ്ലാസ്മ എന്നിവ സൂക്ഷിക്കാനും രോഗികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യാനും കഴിയുന്നതാണ് താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്ക്. പി. ഉണ്ണി എം.എൽ.എ ആയിരിക്കെ അഞ്ച് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണിത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 73.51 ലക്ഷം രൂപ ചെലവിട്ട് ആവശ്യമായ യന്ത്ര സംവിധാനങ്ങളും മറ്റു ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഡോക്ടർ ഉൾപ്പടെ ജീവനക്കാരുടെ നിയമനവും നടന്നിട്ടുണ്ട്. സൗജന്യ ഡയാലിസിസും ശസ്ത്രക്രിയകളും നടക്കുന്ന ആശുപത്രിയിൽ രക്തം ആവശ്യമാകുന്ന ഘട്ടങ്ങളിൽ കിലോമീറ്ററുകൾ അകലെയുള്ള ജില്ല ആശുപത്രിയെ സമീപിക്കുന്നത് ഒഴിവാക്കാൻ കഴിയും. മാത്രമല്ല, ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ആശുപത്രികൾക്കും രോഗികൾക്കും പുതിയ രക്തബാങ്ക് വലിയ അനുഗ്രഹമാകും. നഗരസഭാധ്യക്ഷ കെ. ജാനകീദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ഹനീഫ, കൗൺസിലർമാരായ കല്യാണി, സി. സജിത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു രക്ത ബാങ്കിന്റെ ട്രയൽ റൺ.


