ആഭരണ നിർമാണ ശാലയുടെ ജനൽ തകർത്ത് സ്വർണവും വെള്ളിയും മോഷ്ടിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: ആഭരണ നിർമാണ ശാലയുടെ ജനൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അഞ്ച് ലക്ഷം രൂപയുടെ സ്വർണം കൈക്കലാക്കി. അമ്പലപ്പാറ കടമ്പൂർ വടക്കിനിപുര വീട്ടിൽ രജീഷിന്റെ വീട്ടുവളപ്പിലുള്ള ആർ.ജെ ജുവൽസ് നിർമാണശാലയിലാണ് മോഷണം നടന്നത്. ആഭരണ നിർമാണത്തിനിടയിൽ ബാക്കിവന്നതുൾപ്പടെ അഞ്ച് പവൻ സ്വർണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയുമാണ് നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.
നിർമാണ ശാലയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്നതായിരുന്നു സ്വർണവും മറ്റും. ഇവ വ്യാഴാഴ്ച ഉരുക്കാനിരിക്കെയാണ് രാത്രിയിൽ മോഷണം പോയത്. നിർമാണശാലയുടെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് കോമ്പൗണ്ടിൽ പ്രവേശിച്ചത്.അകത്തുകടന്ന ഉടൻ സി.സി.ടി.വി കാമറയുള്ളതായി ശ്രദ്ധയിൽപെട്ട മോഷ്ടാവ് കഴുത്തിലെ തോർത്ത് ഉപയോഗിച്ച് മുഖം മറച്ചാണ് മോഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സി.സി.ടി.വി പരിശോധനയിൽ മോഷ്ടാവ് അകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.