അനങ്ങനടിയിൽ യാത്രാദുരിതത്തിനൊപ്പം വെള്ളക്കെട്ടും
text_fieldsഅനങ്ങനടി പെട്രോൾ പമ്പിന് സമീപം റോഡിലെ വെള്ളക്കെട്ട്
ഒറ്റപ്പാലം: നവീകരണം നടക്കുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിലെ അനങ്ങനടിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രാദുരിതം ഇരട്ടിപ്പിക്കുന്നതോടൊപ്പം അപകട ഭീഷണിയുമാകുന്നു. രാപകൽ ഭേദമില്ലാതെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന അനങ്ങനടിയിലെ പെട്രോൾ പമ്പിന് സമീപം റോഡിലാണ് സാമാന്യം വലിയ വെള്ളക്കെട്ട് രൂപം കൊണ്ടത്.
മാസങ്ങൾ പിന്നിട്ടിട്ടും നവീകരണം പൂർത്തിയാകാതെ തകർച്ചയിൽ തന്നെയുള്ള പാതയിലെ വെള്ളക്കെട്ട് യാത്രാദുരിതം പേറുന്നവർക്ക് ഇരട്ടി ദുരിതമായി. കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ പെരുമഴയിലാണ് വെള്ളെക്കെട്ടുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്ര വാഹന യാത്രികർക്കാണ് കൂടുതൽ ഭീഷണിയാകുന്നത്. സ്‌കൂട്ടർ യാത്രക്കാരിയുൾപ്പടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.
നേരത്തെ തന്നെ മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണിത്. ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാതെ മാസങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ് നവീകരണ പ്രവർത്തികളെന്ന് നാട്ടുകാർ ആരോപിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54.29 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമാണം നടക്കുന്നത്.
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ കീഴൂർ വരെയുള്ള 11 കിലോമീറ്റർ വരുന്ന റോഡാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നത്.
ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ, റോഡ് വീതി കൂട്ടുന്നതിന് തടസ്സമായ മരങ്ങൾ മുറിച്ചുനീക്കൽ, കേബിളുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉൾപ്പെട്ടതാണ് പദ്ധതി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഷൊർണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഷറഫ് കാരുകുളവും ആവശ്യപ്പെട്ടു.


