12 മണ്ഡലങ്ങളിൽ എട്ടിടത്ത് ഇടതിന് അനുകൂലം; നാലടിത്ത് യു.ഡി.എഫിനും
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ എട്ടിടത്ത് ഇടതിന് അനുകൂലം, നാലടിത്ത് യു.ഡി.എഫിനും. തരൂർ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, ചിറ്റൂർ മണ്ഡലങ്ങളാണ് ഇടതിന് അനുകൂലമായി നിലകൊള്ളുന്നത്. മണ്ണാർക്കാട്, പട്ടാമ്പി, പാലക്കാട്, തൃത്താല മണ്ഡലങ്ങൾ യു.ഡി.എഫിനാണ് മൂൻതൂക്കം. ഇതിൽ പട്ടാമ്പി, തൃത്താല മണ്ഡലങ്ങൾ നിലവിൽ എൽ.ഡി.എഫിന്‍റെതാണ്. മന്ത്രി എം.ബി രാജേഷിന്‍റെ മണ്ഡലമാണ് തൃത്താല. ഗ്രാമപഞ്ചായത്തുകളെ കൂടാതെ രാഷ്ട്രീയ വോട്ടായി മാറുന്ന പട്ടാമ്പി തൃത്താല മേഖലയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫിന്‍റെ കൈയിൽനിന്നും യു.ഡി.എഫ് പിടിച്ചെടുത്തു.
തൃത്താല, പട്ടാമ്പി മണ്ഡലങ്ങളുടെ പരിധിയിലെ വാടാനാംകുറുശ്ശി, ചാലിശ്ശേരി, കപ്പൂർ, തിരുവേഗപ്പുറ, മുതുതല ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ചാലിശ്ശേരി മാത്രമാണ് എൽ.ഡി.എഫിനുള്ളത്. 2020ൽ തിരുവേഗപ്പുറ മാത്രമാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. മണ്ണാർക്കാട് മണ്ഡലത്തിലും യു.ഡി.എഫിന് ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ കൈയിലുണ്ടായിരുന്ന ജില്ല പഞ്ചായത്ത് ഡിവിഷൻ ഈ പ്രവാശ്യം യു.ഡി.എഫ് പിടിച്ചു.
തരൂർ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങൾ എൽ.ഡി.എഫിന് ഗ്രാമപഞ്ചാത്ത് തലത്തിലും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും നല്ല ഭൂരിപക്ഷം ഉള്ളതിനാൽ ഇളക്കം തട്ടാൻ സാധ്യതയില്ല. ചിറ്റൂർ മണ്ഡലത്തിൽ നേരിയ തോതിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ളത്. ഈ നിയോജക മണ്ഡലത്തിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകൾ എൽ.ഡി.എഫിലെ ജെ.ഡി.എസ് അനൂകൂലമാണെങ്കിലും നിയമസഭമണ്ഡലത്തിൽ നഗരസഭകൂടി വരുന്നതിനാൽ വിജയസാധ്യത കണ്ടറിയണം. പാലക്കാട് യു.ഡി.എഫിന് അനുകൂലമാണെങ്കിലും ബി.ജെ.പിയുടെ വോട്ട് വർധന കടുത്ത മത്സരത്തിന് വഴിവെക്കും.


