നെല്ല് സംഭരണം; വിലയിൽ നയം വ്യക്തമാക്കാതെ സർക്കാർ
text_fieldsപാലക്കാട്: ഈ സീസണിലെ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും സംഭരണവിലയിൽ സർക്കാർ നിലപാട് സ്വീകരിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില കിലോക്ക് 1.17 രൂപ വർധിപ്പിച്ച് 23 രൂപയാക്കിയിട്ടുണ്ടെങ്കിലും കേരളം നൽകുന്ന പ്രോത്സാഹന വിഹിതം പ്രഖ്യാപിച്ചിട്ടില്ല. മുൻവർഷങ്ങളിൽ കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോൾ കേരളം ആനുപാതികമായി പ്രോത്സാഹന ബോണസിൽ വെട്ടിക്കുറവ് വരുത്തുകയാണ് ചെയ്തത്. ഈ സീസണിലും കേന്ദ്രം നെല്ലിന്റെ അടിസ്ഥാന താങ്ങുവില (എം.എസ്.പി) വർധിപ്പിച്ചെങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ അതിന്റെ ഗുണം തങ്ങൾക്ക് ലഭിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.
കേന്ദ്രത്തിന്റെ വർധന അതേപടി കർഷകർക്ക് അനുവദിച്ചാൽ താങ്ങുവില കിലോക്ക് 29.37 രൂപയാകും. ഇത്തവണയും സംഭരണവില കിലോക്ക് 28.32 രൂപയായി തുടരാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ സംസ്ഥാന വിഹിതം 6.37ൽനിന്ന് 5.20 രൂപയായി കുറയും. ഇതുവഴി വലിയൊരു തുക സംസ്ഥാന പ്രോത്സാഹന വിഹിതത്തിൽനിന്ന് കുറക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
2021-22 മുതലാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതം വെട്ടിക്കുറക്കൽ ആരംഭിച്ചത്. 2015-16 സീസണിൽ പ്രോത്സാഹന വില കിലോക്ക് 7.40 രൂപയായിരുന്നു. 2016-17ൽ 40 പൈസ വർധിപ്പിച്ച് 7.80 രൂപയാക്കി. തൊട്ടടുത്ത രണ്ടു വർഷങ്ങളിലും പ്രോത്സാഹന ബോണസ് ഉയർത്തിയില്ലെങ്കിലും 2019-20ൽ ഒരു രൂപയുടെ വർധന വരുത്തി 8.80 രൂപയാക്കി. 2020-21 ആ സ്ഥിതി തുടർന്നു. 2021-22ൽ 20 പൈസ കുറച്ച് 8.60 രൂപയാക്കി. തുടർന്ന് തൊട്ടടുത്ത വർഷം 80 പൈസ കുറച്ചു. പിന്നീട് 1.43 രൂപ കുറച്ചതോടെ 2023-24ൽ സംസ്ഥാനവിഹിതം 6.37 രൂപയായി കുറഞ്ഞു. ഓരോ വർഷം കഴിയുന്തോറും സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ അളവ് കുറഞ്ഞുവരുകയാണ്. സംഭരിക്കാനുള്ള കാലതാമസവും വില ലഭിക്കാനുള്ള കാത്തിരിപ്പും സപ്ലൈകോക്ക് നെല്ല് നൽകുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ 5.59 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. മുൻവർഷത്തെക്കാൾ കുറഞ്ഞ സംഭരണമാണ് കഴിഞ്ഞ സീസണിൽ നടന്നത്. 2021-22ൽ 7.48 ലക്ഷം മെട്രിക് ടണ്ണും 2022-23ൽ 7.31 ലക്ഷവുമാണ് സംഭരിച്ചത്.