ജില്ലയിൽ 6726 സ്ഥാനാർഥികൾ: ഏഴ് നഗരസഭകളിലായി ജനവിധി തേടുന്നത് 783 സ്ഥാനാർഥികൾ
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴ് നഗരസഭകളിലായി മത്സരരംഗത്തുള്ളത് 783 സ്ഥാനാർഥികൾ. ഇതിൽ 404 പേരും പുരുഷന്മാരാണ്. വനിത സ്ഥാനാർഥികൾ 379 പേരുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് പാലക്കാട് നഗരസഭയിലാണ്. 53 വാർഡുകളിലായി 181 സ്ഥാനാർഥികളാണ് പാലക്കാട് നഗരസഭയിലേക്ക് ജനവിധി തേടുന്നത്.
ഇതിൽ 92 സ്ഥാനാർഥികൾ പുരുഷന്മാരും 89 പേർ സ്ത്രീകളുമാണ്. ഷൊർണൂർ, പട്ടാമ്പി നഗരസഭകളിലാണ് വനിതാ സ്ഥാനാർഥികൾ കൂടുതലുളളത്. യഥാക്രമം 58, 43 പേരാണ് മത്സരരംഗത്തുള്ളത്. ഷൊർണൂരിൽ 50, പട്ടാമ്പിയിൽ 40 പുരുഷന്മാരാണ് മത്സരിക്കുന്നത്.
നഗരസഭകളിൽ ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് പട്ടാമ്പിയിലാണ്. ആകെ 77 പേരാണ് ഇവിടെ തെരഞ്ഞെടുപ്പ് അങ്കത്തിനുള്ളത്. ഒറ്റപ്പാലം നഗരസഭയിൽ 127 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 64 പുരുഷന്മാരും 63 സ്ത്രീകളും ഉൾപ്പെടുന്നു.
ഷൊർണൂരിൽ 108 സ്ഥാനാർകളാണുള്ളത്. 106 സ്ഥാനാർഥികളുള്ള ചെർപ്പുളശ്ശേരി നഗരസഭയിൽ 54 പേർ പുരുഷന്മാരാണ്. സ്ത്രീകൾ 52 പേരുണ്ട്. മണ്ണാർക്കാട് 49 പുരുഷന്മാരും 44 സ്ത്രീകളും ഉൾപ്പെടെ 93 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 91 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 51 പേർ പുരുഷന്മാരും 40 പേർ സ്ത്രീകളുമാണ്.
ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആകെ 6726 സ്ഥാനാർഥികളാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഗൃഹസന്ദർശനങ്ങൾ നടത്തിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മുന്നണികളുടെ പ്രചാരണം തകൃതിയാണ്.


