ഏഷ്യൻ സീനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിലേക്ക് പാലക്കാട്ടുകാരിയും
text_fieldsകെ. കാവ്യ
പാലക്കാട്: തായ്ലൻഡിൽ നടക്കുന്ന നാലാമത് ഏഷ്യൻ സീനിയർ ഗേൾസ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പാലക്കാട്ടുകാരിയും. പിരായിരി അയ്യപ്പൻകാവ് സ്വദേശിനി കെ. കാവ്യ (24) ആണ് കേരളത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ. ഏപ്രിൽ 24 മുതൽ 30 വരെയാണ് ചാമ്പ്യൻഷിപ്.
മത്സരത്തിൽ വിജയിക്കുന്നവർ ലോകകപ്പിലേക്ക് യോഗ്യത നേടും. എന്നാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെങ്കിൽ ഒരുലക്ഷം രൂപ ചെലവുവരും. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന കാവ്യയുടെ കുടുംബം ഇത്രയും തുക സംഘടിപ്പിക്കാനുള്ള പ്രയാസത്തിലാണ്.
കൂലിപ്പണിക്കാരായ അച്ഛൻ കണ്ണനും അമ്മ സുനിതയും മകൾക്ക് പൂർണപിന്തുണ നൽകുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാവ്യയുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നു. ഒരുലക്ഷം രൂപ സ്പോൺസർ ചെയ്യാൻ തയാറുള്ളവരെ തേടുകയാണ് ഈ കുടുംബം.
ഒരുമാസത്തോളം പഞ്ചാബിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത ശേഷമാണ് കാവ്യ തായ്ലൻഡിലേക്ക് പോകുന്നത്. പറ്റാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് ക്യാമ്പിനും ചാമ്പ്യൻഷിപ്പിനുമായി തയാറെടുത്തത്. പറളി സ്കൂളിൽ അത്ലറ്റായിരുന്ന കാവ്യ മേഴ്സി കോളജിൽ ബിരുദപഠനത്തിന് പ്രവേശിച്ച ശേഷമാണ് ബേസ്ബാൾ പരിശീലനം തുടങ്ങിയത്.
സോഫ്റ്റ്ബാളും കളിക്കും. അഞ്ച് ദേശീയതല മത്സരങ്ങളിലും അഞ്ച് ഇന്റർ യൂനിവേഴ്സിറ്റി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എം.എസ്.ഡബ്ല്യു പൂർത്തിയാക്കിയശേഷം ബേസ്ബാളിൽ തുടർപരിശീലനത്തിനായി തൃശൂർ സെന്റ് മേരീസ് കോളജിൽ എം.എ ഹിസ്റ്ററിക്ക് ചേർന്നു.
ബേസ് ബാളിൽ കാവ്യയുടെ മികച്ച പ്രകടനംകൊണ്ടാണ് സെന്റ് മേരീസിൽ പ്രവേശനം ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 18 പേരടങ്ങുന്ന ബേസ്ബാൾ സംഘമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് തായ്ലൻഡിലേക്ക് പോകുന്നത്.
തിങ്കളാഴ്ച യാത്ര പുറപ്പെട്ട സംഘം ചൊവ്വാഴ്ച രാവിലെ തായ്ലൻഡിൽ എത്തും. ഏറെ ആഗ്രഹിച്ച് ലഭിച്ച അവസരമാണിതെന്ന് കാവ്യ പറയുന്നു. എന്നാൽ പണമില്ലാത്തതിനാൽ ആഗ്രഹം സഫലീകരിക്കാനാവാത്ത സാഹചര്യമുണ്ടാകുമോ എന്നും കാവ്യക്ക് ആശങ്കയുണ്ട്. കാവ്യയെ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് 9656665977, 9207875977 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.