അറിവിന്റെ അമൂല്യ ശേഖരത്തിന്റെ ഭാവിയെന്ത്?
text_fieldsപാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗമായ സുൽത്താൻപേട്ടയിൽ ചരിത്രരേഖകളുൾപ്പെടെ എഴുപതിനായിരത്തോളം പുസ്തകങ്ങളുള്ള പാലക്കാട് പബ്ലിക് ലൈബ്രറി കുടിയിറക്കൽ ഭീഷണിയിലാണ്. നിത്യവും നിരവധി സന്ദർശകർ എത്താറുള്ള ലൈബ്രറിയിൽ ഭരണഘടന ശിൽപി ഒപ്പിട്ടു നൽകിയ അമൂല്യഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.
തൊട്ടടുത്ത് പുതുതായി ആരംഭിക്കുന്ന ഷോപ്പിങ് കോംപ്ലക്സിനായി ലൈബ്രറി പൊളിച്ചുനീക്കണമെന്ന നഗരസഭ നിർദേശം പുസ്തകങ്ങളെ പെരുവഴിയിലാക്കുന്നതിന് തുല്യമാണെന്ന് ലൈബ്രറി അധികൃതർ പറയുന്നു. ലൈബ്രറിക്ക് അയ്യായിരത്തോളം അംഗങ്ങളുണ്ട്.
ലൈബ്രറിയും ജീവനക്കാരെയും നഗരസഭ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കെട്ടിടം ഇവിടെ നിന്നും പൊളിച്ചുനീക്കരുതെന്നാണ് സാംസ്കാരിക പ്രവർത്തകരുടെയും വായനക്കാരുടെയും ആവശ്യം. തടി അലമാരകളിൽ കാറ്റലോഗ് തിരിച്ചാണ് പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. അലമാരകളിൽ തികയാത്തത് പുറത്ത് മേശകളിലായും വെച്ചിട്ടുണ്ട്. പെട്ടെന്ന് ഇവ മാറ്റഇ പ്രയാസമാണെന്ന് ലൈബ്രറി അധികൃതർ പറയുന്നു.
പാലക്കാട് പബ്ലിക് ലൈബ്രറിയിൽ പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നു
ലൈബ്രറി ചരിത്രം
1948 ലെ മദ്രാസ് പബ്ലിക് ലൈബ്രറി ആക്ട് പ്രകാരം മലബാറിലെ ലൈബ്രറി പ്രവർത്തനങ്ങൾക്ക് വേണ്ടി മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റി 1950ൽ രൂപവത്കരിച്ചു. കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. കെ. കുഞ്ചുകൈമൾ ആയിരുന്നു സെക്രട്ടറി. മലബാറിൽ പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നിങ്ങനെ മൂന്ന് ലൈബ്രറികളാണ് ആദ്യഘട്ടത്തിൽ (1951) സ്ഥാപിച്ചത്. അതിൽ ഒന്നാണ് പാലക്കാട്ടെ ലൈബ്രറി. പട്ടിക്കരയിൽ ആയിരുന്നു ആസ്ഥാനം. പിന്നീട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പുറകിലേക്ക് മാറി.
1987 മുതൽ നിലവിലെ നഗരസഭ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 2008 വരെയുള്ള 10 വർഷം ജില്ല ലൈബ്രറി കൗൺസിലിന്റെ ആസ്ഥാനവും നിലവിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫിസും ഇവിടെയാണ് പ്രവർത്തിക്കുന്നത്.
പണ്ട് സെൻട്രൽ ലൈബ്രറി എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥാലയം ഇന്ന് പാലക്കാട് പബ്ലിക് ലൈബ്രറി എന്നാണ് അറിയപ്പെടുന്നത്. ചരിത്ര പ്രാധാന്യമുള്ള പേര് ആരാണ് മായ്ച്ചതെന്നോ എന്തിനാണ് മാറ്റിയതെന്നോ വ്യക്തമല്ല. ലൈബ്രറിയുടെ ചരിത്രത്തിൽനിന്നും പേരിനെ അറുത്തുമാറ്റാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് പൽഘാട്ട് ഹിസ്റ്ററി ക്ലബ് പ്രസിഡന്റ് ബോബൻ മാട്ടുമന്തയും സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടനും ലൈബ്രറി അധികൃതർക്ക് നൽകിയ കത്തിൽ പറയുന്നു. പാലക്കാട് പബ്ലിക് ലൈബ്രറി എന്ന പേരിനു പകരം സെൻട്രൽ ലൈബ്രറി എന്ന ചരിത്രനാമം പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ലൈബ്രറി മാറ്റരുത്
നിരവധി പുസ്തകങ്ങളും ഫർണിച്ചറുകളുമെല്ലാം ഉള്ള ലൈബ്രറിയാണിത്. 20 വർഷമായി ഇവിടെ ജോലി ചെയ്യുന്നു. പുസ്തകങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഇപ്പോഴും ഇവിടെ തുടരുന്നത്. തങ്ങളുടെ ആത്മാവ് ഇവിടെയാണ്. ലൈബ്രറി ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുന്നത് വായിക്കാൻ വരുന്നവർക്കും പി.എസ്.സി പഠനത്തിനായി വരുന്ന ഉദ്യോഗാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. -ലത (ലൈബ്രേറിയൻ, പാലക്കാട് പബ്ലിക് ലൈബ്രറി)
നഗരസഭക്ക് കത്ത് നൽകി
പബ്ലിക് ലൈബ്രറി തുടർന്ന് പ്രവർത്തിക്കാനാവശ്യമായ സ്ഥലവും സ്ഥിരം കെട്ടിടവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നൽകി. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും നഗരസഭക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്നതിനാൽ ലൈബ്രറിയിലെ ജീവനക്കാരെ ഏറ്റെടുക്കാൻ നഗരസഭക്ക് കഴിയില്ല. അതിന് നിയമ തടസ്സമുണ്ട്. തങ്ങൾ ലൈബ്രറിയുടെ ഉടമസ്ഥർ അല്ല, കാര്യസ്ഥർ മാത്രമാണ്. ലൈബ്രറി മാറ്റാനുള്ള നഗരസഭ തീരുമാനത്തിൽ പ്രയാസമുണ്ട്.-ടി.എസ്. പീറ്റർ (സെക്രട്ടറി, പാലക്കാട് പബ്ലിക് ലൈബ്രറി)