ആയില്യം മകം കൊണ്ടാടി കർഷകർ
text_fieldsആയില്യം മകം ആഘോഷത്തിന്റെ ഭാഗമായി മങ്കരയിൽ കന്നുകാലികളെ അണിയിച്ചൊരുക്കുന്ന കർഷകൻ
പത്തിരിപ്പാല: അന്യംനിന്ന ആയില്യം മകം ആഘോഷ നാളുകൾ വീണ്ടും ആഘോഷമാക്കുകയാണ് മങ്കരയിലെ അപൂർവം ചില കർഷകർ. കന്നുകാലികളെ കുറിയിട്ട് അണിയിച്ചൊരുക്കുകയാണ് പ്രധാന ചടങ്ങ്. ആയില്യം നാളിൽ അരിക്കുറിയും മകംനാളിൽ മഞ്ഞൾ കുറിയും ഇട്ടാണ് വീടുകളിലെ കന്നുകാലികളെ കർഷകർ അണിയിച്ചൊരുക്കുന്നത്.
കാർഷിക അഭിവൃദ്ധിക്കും കന്നുകാലികളുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും പ്രാർഥന നേരുന്നതാണ് ചടങ്ങ്. തിരുവോണം കഴിഞ്ഞ് 15ാം നാൾ ആയില്യവും 16ാംനാളിൽ മകം ആഘോഷവുമാണ് പ്രധാനം. ചിങ്ങമാസത്തിലെ കൊയ്ത്തുത്സവം കഴിഞ്ഞ് പത്തായത്തിൽ നെല്ല് സംഭരിച്ച ശേഷം രണ്ടാം വിളക്കുള്ള കാർഷിക ജോലികൾക്കായി കാളകളെ ഉപയോഗിക്കുന്നതിന് മുന്നോടിയായാണ് കുറിയിട്ട് ഒരുക്കുന്നത്.
ഈ രണ്ടു ദിവസങ്ങളിൽ കാർഷിക ജോലികൾക്ക് കർഷകർ അവധി നൽകും. ഇന്ന് നിലമുഴലും കൊയ്യലും മറ്റ് കാർഷിക ജോലികളുമെല്ലാം യന്ത്രവത്കൃതമായെങ്കിലും പഴമയുടെ ആചാരങ്ങൾ പിന്തുടരുന്ന അപൂർവം കുടുംബങ്ങളും ഇന്ന് പാലക്കാടുണ്ട്. കാളകൾക്ക് പകരം കറവപ്പശുക്കളെയാണ് ഇപ്പോൾ കർഷകർ വളർത്തുന്നത്.