പേരിനൊരു സിഗ്നൽ; പത്തിരിപ്പാല ടൗണിൽ ഓട്ടോമാറ്റിക് സംവിധാനം നടപ്പായില്ല
text_fieldsപത്തിരിപ്പാല ടൗണിലെ സിഗ്നൽ സംവിധാനം
പത്തിരിപ്പാല: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്തിരിപ്പാല ടൗണിൽ കെട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത സിഗ്നൽ സംവിധാനം ഇനിയും പ്രാവർത്തികമാകാത്തതിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയരുന്നു. പ്രാവർത്തികമാകാത്ത ഈ സിഗ്‌നൽ സംവിധാനം എന്തിനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമാണ് ഇവിടെ നടപ്പാക്കുന്നതെന്നായിരുന്നു അധികാരികളുടെ വിശദീകരണം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സിഗ്നൽ സംവിധാനം നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ മഞ്ഞലൈറ്റ് മാത്രമാണ് പ്രകാശിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ, നൂറിലേറെ ബസുകൾ എന്നിവ വന്ന് പോകുന്ന ഇടമാണ് പത്തിരിപ്പാല.
മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയാണ് പത്തിരിപ്പാല ടൗൺ, സിഗ്നൽ സംവിധാനം വേണമെന്ന ജനകീയാവശ്യം ഉയർന്നതോടെയാണ് സിഗ്നൽ സംവിധാനം നടപ്പാക്കിയത്. ഗതാഗതക്കുരുക്ക്, യാത്രക്ലേശം എന്നിവ പരിഹരിക്കാനും കൂടിയാണ് സിഗ്നൽ സംവിധാനം. യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സിഗ്നൽ സംവിധാനം പൂർണമായും നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


