പ്രചാരണത്തിന് കൊഴുപ്പേകാൻ കൊടിതോരണങ്ങളുമായി വ്യാപാരികൾ
text_fieldsപത്തിരിപ്പാല: തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ രാഷ്ട്രീയ പാർട്ടികൾക്കാവശ്യമായ കൊടിതോരണങ്ങളുടെ വിൽപനയുമായി വ്യാപാരികൾ. പത്തിരിപ്പാല കോങ്ങാട് റോഡിലെ കോളജിന് മുന്നിലുള്ള വ്യാപാര സ്ഥാപനത്തിലാണ് കൊടിതോരണങ്ങൾകൊണ്ട് നിറച്ചിട്ടുള്ളത്. മുമ്പൊക്കെ ആവശ്യമായ സാധനങ്ങൾ മുൻകൂട്ടി അറിയിച്ചാൽ മാത്രമേ ഇത്തരം സാധനങ്ങൾ ലഭ്യമാകൂ.
എന്നാൽ ഇന്ന് പ്രചാരണത്തിന് മാറ്റുകൂട്ടുന്നതെന്തോ അവയെല്ലാം കടയിൽ റെഡിയാണ്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്‍ലിം ലീഗ്, ബി.ജെ.പി, എൻ.സി.പി തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ, ചിഹ്നങ്ങൾ, ഷാളുകൾ, തൊപ്പികൾ, ബൊക്കെ, ഷാളുകൾ, മാലകൾ, ബാഡ്ജുകൾ ഇവയെല്ലാം ലഭ്യമാണ്. മിതമായ വിലക്ക് ഇവിടെ വിൽപന നടത്താറുണ്ടെന്നാണ് കടയുടമ അറിയിച്ചത്.
പ്രചരണം കൊഴുക്കുന്തോറും ഇത്തരം തോരണങ്ങളും വ്യാപകമായി വിൽക്കപ്പെടും. പ്ലാസ്റ്റിക് അല്ലാത്ത വസ്തുകൊണ്ട് നിർമിക്കുന്നതിനാൽ ഇവ കാര്യമായ തോതിൽ മലിനീകരണ പ്രശ്നം ഉണ്ടാക്കുന്നില്ലെന്നാണ് വിലയിരുത്തൽ.


