പത്തിരിപ്പാലയിലെ കുരുക്കഴിക്കാൻ വഴിയൊരുങ്ങുന്നു
text_fieldsപത്തിരിപ്പാലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി
വിളിച്ചുചേർത്ത സംയുക്ത യോഗത്തിൽ പഞ്ചായത്ത്
പ്രസിഡന്റ് അനിത സംസാരിക്കുന്നു
പത്തിരിപ്പാല: ടൗണിലെ ഗതാഗത പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പു മേധാവികളെ പങ്കെടുപ്പിച്ച് വിപുലമായ യോഗംവിളിച്ചുചേർക്കാൻ തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി പത്തിരിപ്പാല യൂനിറ്റിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സംയുക്തയോഗത്തിലാണ് തീരുമാനമായത്. മൂന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മങ്കര, ഒറ്റപ്പാലം, പൊലീസ് സ്റ്റേഷൻ തലവൻമാരും യോഗത്തിൽ പങ്കെടുത്തു.
പത്തിരിപ്പാലയിലെ ഗതാഗതക്കുരുക്ക്, വഴിയോര കച്ചവടം, സിഗ്നൽ സംവിധാനം, അനധികൃത വാഹന പാർക്കിങ്, ബസ് സ്റ്റോപ് ക്രമീകരണം, സീബ്രാലൈൻ, ഓട്ടോ സ്റ്റാൻഡിന്റെ എണ്ണം പരിമിതിപ്പെടുത്തുക, വേയ്സ്റ്റ് ബിൻ സ്ഥാപിക്കുക, നടപ്പാത ഉപയോഗ യോഗ്യമാക്കുക, വാഹന പാർക്കിങ് സ്ഥലം മാർക്ക് ചെയ്യുക, വഴിയോര കച്ചവടം ഒഴിവാക്കുക, കാമറകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വ്യാപാരി വ്യവസായി നേതാക്കൾ അധികാരികൾക്ക് മുന്നിൽ ഉന്നയിച്ചത്.
ഇക്കാര്യം യോഗത്തിൽ ചർച്ച ചെയ്ത് ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും വിവിധ സംഘടനകളെയും വിവിധ പൊലീസ് മേധാവികളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകർ, രാഷ്ട്രീയ കക്ഷികൾ, സന്നദ്ധ പ്രവർത്തകൾ എന്നിവരെയും വിളിച്ചുചേർത്ത് മറ്റൊരു ദിവസം വിപുലമായ യോഗം ചേരാൻ ധാരണയായി.
മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, മങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മല്ലിക, മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, പഞ്ചായത്തംഗം എ.എ. ശിഹാബ്, മങ്കര പൊലീസ് സി.ഐ പ്രതാപ്, ഒറ്റപ്പാലം ട്രാഫിക് എസ്.ഐ വിനോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സൈനുദ്ദീൻ പത്തിരിപ്പാല, ഗിരീഷ് പാലാരി, കെ.എ. ശറഫുദ്ദിൻ, കെ. മണികണ്ഠൻ, ഷമീർ ചന്ദനപുറം, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.